നടി മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട യുവാവിന്റെ ശ്രമം വിഫലമായി. സംശയാസ്പദമായ രീതിയിൽ മോഡലിംഗിന്റെ മറവില്‍ യുവാവ് നടത്തിയ നീക്കം നടിയുടെ സമയോചിതമായ ഇടപെടല്‍ കാരണം പൊളിച്ചടുക്കി.
മറീന പറയുന്നത് ഇങ്ങനെ: പ്രശസ്ത ജൂവലറിയുടെ ഫോട്ടോ ഷൂട്ടിനാണെന്ന് പറഞ്ഞാണ് ഒരാള്‍ തന്നെ സമീപിച്ചത്. പരിചയമുള്ളവര്‍ വന്ന ഓഫര്‍ ആയതിനാല്‍ ഷൂട്ടിന് സമ്മതിച്ചു. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് ദിവസം അടുത്തപ്പോള്‍ പോലും ലൊക്കേഷന്‍ പറയാതെ അയാള്‍ ഒളിച്ചുകളി തുടങ്ങി. ഷൂട്ടിംഗ് ദിവസം അയാള്‍ വന്ന് കൂട്ടിക്കൊണ്ടു പോകാമെന്നാണ് പറഞ്ഞതെന്നും മറീന ഒരു അഭിമുഖത്തില്‍ പറയുന്നു.
ഇതോടെ സംശയം തോന്നിയ താന്‍ ജൂവലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷിക്കുകയായിരുന്നെന്നും, അപ്പോഴാണ് അവര്‍ ഇത്തരമൊരു ഷൂട്ട് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞതെന്നും നടി വെളിപ്പെടുത്തുന്നു. ഇതോടെയാണ് ഇയാളുടെ കെണി ആയിരുന്നിതെന്ന് മനസ്സിലായത്. ഇയാള്‍ക്ക് പിന്നില്‍ വന്‍സംഘമുണ്ടെന്ന് ഉള്ളതായി സംശയിക്കുന്നെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മറീന പറഞ്ഞു. ഇത് സംബന്ധിച്ചു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇനി മറ്റൊരു നടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും മറീന പറഞ്ഞു.