തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മിന്നൽ പരിശോധന. മിന്നൽ പരിശോധനയിൽ മന്ത്രിക്ക് കിട്ടിയത് മദ്യക്കുപ്പികൾ. ആശുപത്രിയുടെ ഒന്നാം വാർഡിൽനിന്നാണ് ഒഴിഞ്ഞ ബിയർക്കുപ്പികൾ കണ്ടെത്തിയത്. ആശുപത്രി അധികൃതരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
രാവിലെ എട്ടേകാലോടെ ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം പരിശോധന നടത്തി. ഈ സമയത്ത് ആശുപത്രി സൂപ്രണ്ടടക്കം ഭൂരിഭാഗം ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയിരുന്നില്ല. രോഗികളില്‍നിന്നും മറ്റും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.
വാര്‍ഡുകളിലും മുറികളിലും രക്തംപുരണ്ട പഞ്ഞിയും മറ്റ് ആശുപത്രി അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. മാലിന്യങ്ങള്‍ മുറിയുടെ മൂലകളില്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ആശുപത്രി ശുചീകരിക്കാന്‍ 24 മണിക്കൂറാണ് സമയം നൽകിയിരിക്കുന്നത്. മന്ത്രി ഹാജര്‍ നിലയും മറ്റും പരിശോധിച്ചു.