കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് വരുന്നു

biometric punching

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ രേഖപ്പെടുത്താനായി ഒക്ടോബര്‍മുതല്‍ ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ സെക്രട്ടേറിയറ്റിലും ഏതാനും കളക്ടറേറ്റുകളിലും ചില ഡയറക്ടറേറ്റുകളിലും മാത്രമാണ് പഞ്ചിങ്ങുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സാമൂഹിക മാധ്യമരംഗത്ത് പല ജീവനക്കാരും മിതത്വം കാണിക്കുന്നില്ലെന്നും സ്വയം നിയന്ത്രണത്തിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും 70,000 പേരെ നിയമിക്കുകയും അത്യാവശ്യമുള്ളിടത്ത് പുതിയ തസ്തികകള്‍ കൊണ്ടു വരുകയും ചെയ്യതു. പല വകുപ്പുകളിലും പുനര്‍വിന്യാസം വേണ്ടി വരും. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കും. കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടന്‍ നല്‍കും. എന്നാല്‍ ചെറിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളക്കാർക്ക് ഡെപ്യൂട്ടേഷന്‍ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ നേരിട്ടുള്ളവയ്ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തും. മറ്റ് വിഭാഗങ്ങളില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. പി.എസ്.സി.യുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കെ.എ.എസ്. വൈകാതെ നടപ്പാക്കും. ഡിജിറ്റല്‍ ഫയലിങ് നടപ്പാക്കും.