വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണം: മന്ത്രി കെ.രാജു

പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുംദിവസങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സംബന്ധിച്ച് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. വീടുകളിലുള്ളവരെ നിരീക്ഷിക്കുന്നതിനായി വാര്‍ഡ്, പഞ്ചായത്ത് തലത്തില്‍ രൂപികരിച്ചിരിക്കുന്ന കമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കണം. അതത് നിയോജകമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നിരീക്ഷണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗവും കൂടാന്‍ സാധ്യതയുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യണം. ജില്ലയില്‍ പ്രവാസികളുടെ എണ്ണം കൂടുതലാണെന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ കാര്യക്ഷമമായി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം.  മഴക്കാലം ശക്തിപ്പെടുന്നത്  മുന്നില്‍ക്കണ്ട് കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് കോവിഡ് കെയര്‍ സെന്ററുകളിലുള്ളവര്‍ക്ക് ഭക്ഷണം ക്രമീകരിക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും എത്തിക്കുന്നതിനായി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് ഗതാഗത സൗകര്യം ഒരുക്കണം.  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. പുതിയ കോവിഡ് കെയര്‍ സെന്ററുകളുടെ ലിസ്റ്റ് അനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. ആരോഗ്യ വകുപ്പില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കും. ആളുകളെ ഐസലേറ്റ് ചെയ്യാത്ത കോവിഡ് കെയര്‍ സെന്ററുകളിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ഉദ്യോഗസ്ഥരെ പുനര്‍വിന്യസിപ്പിക്കും. ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാണ് . ക്രമസമാധാന പ്രശ്നങ്ങള്‍ ഉള്ള സെന്ററുകളില്‍ പോലീസ് സഹായം തേടാം. ഓരോ സെന്ററുകളിലും ജനമൈത്രി പോലീസിന്റെ സഹായം ലഭിക്കും. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും നിരീക്ഷണ സമിതികളും ഒപ്പം മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശുചിത്വ സമിതികളും കാര്യക്ഷമമായ പ്രവര്‍ത്തനം നടപ്പിലാക്കണം. വന്‍കിട തോട്ടഉടമകളുടെയും തോട്ടം തൊഴിലാളികളുടെയും യോഗം വിളിച്ചു ചേര്‍ക്കണം. എം.എല്‍.എമാരെയും യോഗത്തില്‍ ഉള്‍പ്പെടുത്തണം. നിലവിലുള്ള ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തണം. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണോ എന്ന് വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.  മഴയുണ്ടെങ്കിലും ഡാം തുറന്നു വിടുന്നതിനെ സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ട. മഴ ശക്തമായാല്‍ വെള്ളം കയറുന്ന പ്രദേശങ്ങളിലെ ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തണം. ശുചിത്വ സമിതിയെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വഴി ജില്ലാ കളക്ടറിന് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.   വിദേശത്തു നിന്നെത്തുന്ന ആളുകളുടെ അടഞ്ഞുകിടക്കുന്ന സ്വന്തം വീടുകളില്‍ ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമാകുമെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. മഴക്കാലം ആരംഭിക്കാനിരിക്കെ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ കോവിഡ് കെയര്‍ സെന്റര്‍ അല്ലാത്ത സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി പുനരധിവാസ കേന്ദ്രങ്ങളായി ഉടന്‍തന്നെ കണ്ടെത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും കോണ്‍ഫറന്‍സില്‍ എം എല്‍ എ പറഞ്ഞു.   ഡെങ്കിപ്പനി നിവാരണ പ്രവര്‍ത്തനവും  ദുരന്തനിവാരണ ആക്ടിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. ഡെങ്കിപനി, എലിപ്പനി, എന്നിവയ്ക്കു മരുന്നുകള്‍ കൂടുതല്‍ നല്‍കി ജനകീയ ക്യാമ്പയിന്‍ നടത്തണം. കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം പഞ്ചായത്തുകള്‍ ഉറപ്പാക്കണം. ആളുകളെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സിന്റെ സഹായം തേടാതെ പഞ്ചായത്തുകള്‍ അതിനായുള്ള വാഹനം കണ്ടെണമെന്നും രാജു എബ്രഹാം എം എല്‍ എ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ താമസിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ പോലീസിന്റെ പട്രോളിംഗ് സംവിധാനം ഉണ്ടാകണമെന്ന്  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ റംപൂട്ടാന്‍ കാലമായതിനാല്‍ അവ വാങ്ങുന്നത് കൃഷി വകുപ്പ് ഏറ്റെടുക്കണം. ഡെങ്കിപ്പനി, എലിപ്പനി മരുന്നുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് വിതരണം ചെയ്യണം. ഏനാത്ത് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സ്വദേശത്തെത്തിക്കുവാനുള്ള നടപടി ജില്ലാ കളക്ടര്‍, ലേബര്‍ ഓഫീസര്‍ എന്നിവര്‍ ഇടപെട്ട് നടത്തണമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വാര്‍ഡ്തല കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവരുടെ യാത്രകള്‍ക്കായി സ്വകാര്യ ആംബുലന്‍സുകള്‍ താലൂക്ക് തലത്തില്‍ ക്രമീകരിക്കണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. റംപൂട്ടാന്‍ വാങ്ങുന്നതിനായി തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികള്‍ ജില്ലയില്‍ എത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവരെ പ്രത്യേകം ശ്രദ്ധിക്കണം. പമ്പയുടെ ഉള്‍പ്പെടെയുള്ള നദിയില്‍ മണല്‍ വാരുന്നതിന് രണ്ടേകാല്‍ കോടി രൂപയുടെ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അവ തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.  കോന്നിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളില്‍ ഉടന്‍ തന്നെ ചുമതലക്കാരെ നിയമിക്കണമെന്നും   സെന്ററുകളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്നും കെ.യു ജനീഷ് കുമാര്‍ എം എല്‍ എം പറഞ്ഞു. മണ്ഡലാടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ പ്രവൃത്തിക്കുന്നുണ്ടെന്നും ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും മറ്റുമുള്ള ഗതാഗത സൗകര്യവും ഭക്ഷണ ക്രമീകരണവും കൂടുതല്‍ ശ്രദ്ധയോടെ സജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മഴക്കാല ദുരന്തങ്ങള്‍ ഉണ്ടായാല്‍ ആളുകളെ കൃത്യസമയത്ത് മാറ്റുന്നതിനായുള്ള ക്രമീകരണങ്ങള്‍ നടത്തി വരുന്നുണ്ട്. കോവിഡ് കെയര്‍ സെന്ററുകളില്‍ പോലീസ് സഹായം ഉറപ്പുവരുത്തും. സെന്ററില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ പുനര്‍വിന്യസിപ്പിക്കും. പത്തു വയസില്‍ താഴെയുള്ളവരെയും 74 വയസില്‍ മുകളിലുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കും. മഴക്കാല പൂര്‍വ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തോട്ടം ഉടമകളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും കളക്ടര്‍ പറഞ്ഞു.  വീഡിയോ കോണ്‍ഫറന്‍സില്‍ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷര്‍, എ.ഡി.എം അലക്സ് പി. തോമസ്, എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എ.സജികുമാര്‍, ഡിഎം ഡെപ്യുട്ടി കളക്ടര്‍ എം.എസ് സാബു,  ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, എന്‍.എച്ച്.എം. ഡിപിഎം: ഡോ.എബി സുഷന്‍, ഡിഡിപി എസ്. സൈമ തുടങ്ങിയവര്‍ പങ്കെടുത്തു.