മലബാര്‍ സിമന്‍റ്​സിലെ അഴിമതി;ഹർജികളുടെ ഫയലുകള്‍ ഹൈകോടതിയില്‍നിന്ന്​ കാണാതായി

High court

മലബാര്‍ സിമന്‍റ്​സിലെ അഴിമതി സംബന്ധിച്ച ഹരജികളുടെ ഫയലുകള്‍ ഹൈകോടതിയില്‍നിന്ന്​ കാണാതായി. ഇതുസംബന്ധിച്ച അന്വേഷണത്തിന്​ സിംഗിള്‍ബെഞ്ച്​ ഉത്തരവിട്ടു​. കേസ് ഫയല്‍ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇത് നീതിയുടെ ദേവാലയത്തില്‍ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിജിലന്‍സ് രജിസ്ട്രാറിന്​ അന്വേഷണ ചുമതല നല്‍കി. മലബാര്‍ സിമന്‍റ്​സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒാള്‍ കേരള ആന്‍റി കറപ്‌ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹരജികളും, മലബാര്‍ സിമന്‍റ്​സ്​ മുന്‍ ചെയര്‍മാന്‍ ജോണ്‍ മാത്യു, മുന്‍ ഡയറക്ടര്‍മാരായ എന്‍. കൃഷ്‌ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഒാള്‍ കേരള ആന്‍റി കറപ്‌ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയുമാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ ഹരജിയുടെയും ജോയ് കൈതാരം നല്‍കിയ ഹരജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. കേസ് പരിഗണിച്ചപ്പോഴൊക്കെ ഇൗ ഹരജികളുടെ രണ്ടാമത്തെ സെറ്റാണ് ഹൈകോടതിയിലെ ഫയലിങ്​ വിഭാഗം കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് ഇൗ സെറ്റും കാണാതായി. ഇതോടെ അവശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹരജിയാണ് ഇപ്പോള്‍ കോടതിയിലെത്തിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട​ുന്ന ഹരജിയുടെ ആദ്യ സെറ്റും കാണാതായി. ഹരജികളുടെ ഫയലുകള്‍ കാണാതായ സംഭവം ഹൈകോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന്​ വ്യക്​തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആശങ്കക്കിട നല്‍കുന്ന സാഹചര്യമാണിത്. കഴിഞ്ഞ മേയ് 21ന് ഇൗ കേസുകള്‍ മറ്റൊരു ബെഞ്ചി​​െന്‍റ പരിഗണനയ്ക്കായി ലിസ്​റ്റ്​ ചെയ്ത ശേഷമാണ് ഇവ കാണാതായത്. ഇത്തരമൊരു ആസൂത്രിത നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഹൈകോടതി സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണത്തി​​െന്‍റ ഭാഗമായി പരിശോധിക്കാന്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് കോടതി അനുമതി നല്‍കി. ഹരജികളുടെ ബാക്കി സെറ്റുകള്‍ ജുഡീഷ്യല്‍ രജിസ്ട്രാര്‍ കസ്​റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഗൗരവമുള്ള സംഭവമുണ്ടായ സാഹചര്യത്തില്‍ അടിയന്തര നടപടികളും മാര്‍ഗ നിര്‍ദേശങ്ങളും അനിവാര്യമാണെന്നും ഇതിന്​ ഇടക്കാല ഉത്തരവ് ആക്ടിങ്​ ചീഫ് ജസ്​റ്റിസി​​െന്‍റ പരിഗണനക്ക്​ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.