വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊന്ന കേസില്‍ അജാസിനെ സസ്പെന്‍ഡ് ചെയ്തു

ajas

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച്‌ കൊന്ന കേസില്‍ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് ഉത്തരവിട്ടു. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.
വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച്‌ സ്‌കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച്‌ അജാസ് ഇവരെ പിടികൂടുകയും കുത്തിയ ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.