മോദിയെ എതിർത്ത് മമത…

mamatha

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പങ്കെടുക്കില്ല. നരേന്ദ്രമോദിയുടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണക്കാനാകാത്തതിനെ തുടര്‍ന്നാണ് മമതാ ബാനര്‍ജി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. നാളെ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ മോദി ഒറ്റതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തേക്കും.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനര്‍ദി പാര്‍ലമെന്‍ററി മന്ത്രി പ്രഹ്ളാദ് ജോഷിക്ക് കത്തെഴുതി. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉടന്‍ തീരുമാനമെടുക്കേണ്ട വിഷയമല്ല. ഭരണഘടന വിദഗ്ധരുമായും തെരഞ്ഞെടുപ്പ് വിദഗ്ധരുമായും ചര്‍ച്ച നടത്തണമെന്നും മമത കത്തില്‍ വ്യക്തമാക്കി. ചുരുങ്ങിയത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പറെങ്കിലും നല്‍കി ഒറ്റതെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായമാരായുകയെങ്കിലും വേണം.

അങ്ങനെയെങ്കില്‍ തങ്ങളുടെ അഭിപ്രായവും എഴുതി നല്‍കാമെന്നും മമത കത്തില്‍ പറഞ്ഞു. 28 സംസ്ഥാനങ്ങളിലെ 117 ജില്ലകളെ തെരഞ്ഞെടുത്ത് പ്രത്യേക വികസനം നടത്തുന്ന പദ്ധതിയെയും മമത എതിര്‍ത്തു. എല്ലാ ജില്ലകളിലും വികസനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഏതെങ്കിലും ചില സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് വികസനമെത്തിക്കുകയല്ല ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. നേരത്തെ മോദി രണ്ടാമതും അധികാരത്തിലേറിയ‍ ശേഷം നടത്തിയ ആദ്യത്തെ നിതി ആയോഗ് യോഗത്തിലും മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല.