ഇന്ത്യയെ ലക്ഷ്യമിട്ടു ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി പിന്‍മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ബ്രിഗേഡാണ് ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസം നടത്തിയതെന്ന് ചൈനീസ് മാധ്യമം വെളിപ്പെടുത്തി.
എന്നാല്‍, ഏതു ദിവസമാണ് പരീശീലനം നടന്നതെന്നത് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് അഭ്യാസം നടന്നതെന്നാണ് കരുതുന്നത്. വെസ്‌റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ചൈനയുടെ കൈവശമുള്ള ടൈപ്പ് 96 യുദ്ധടാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തര്‍ക്കപ്രദേശമായ ദോക് ലായില്‍ ചൈന റോഡുപണി നടത്താന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തര്‍ക്കഭൂമിയിലെ റോഡു നിര്‍മാണത്തിനെതിരെ ഭൂട്ടാനാണ് ആദ്യം രംഗത്തെത്തിയത്. ഇവര്‍ ഇന്ത്യയിലെ ചൈനീസ് എംബസിയില്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ സഹായവും അവര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.