കേരളത്തിന് സഹായവുമായി യുഎഇ

police uae

പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി യുഎഇ. കേരളത്തിന് സഹായമെത്തിക്കാന്‍ പ്രത്യേക ദുരിതാശ്വാസ കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ യുഎഇ തീരുമാനിച്ചു. യുഎഎ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.യുഎഇയിലെ വിവിധ ജീവകാരുണ്യ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകും സമിതി. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായവും സമിതി ആവശ്യപ്പെടും. എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ മേല്‍ന്നോട്ടത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് യുഎഇയുടെ തീരുമാനം. കേരളം നേരിടുന്ന പ്രളയ ദുരിതത്തില്‍ യുഎഇ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ നേതൃത്വത്തില്‍ പ്രത്യേക ഫണ്ട് ശേഖരിച്ച്‌ ഇന്ത്യയ്ക്ക് കൈമാറും.വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ യുഎഇ നേതാക്കള്‍ വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ കണ്ണീരൊപ്പണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ശൈഖ് മുഹമ്മദ് നവമാധ്യമങ്ങള്‍ വഴി പ്രതികരിച്ചിരുന്നു.