വ്യാജ ആദായനികുതി ഉദ്യോഗസ്ഥരെ നാട്ടുകാർ കൈകാര്യം ചെയ്തു

0
9


ആദായനികുതി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ ആറംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി. സൗത്ത് ഡല്‍ഹിയിലാണ് സംഭവം. ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായി രമേഷ് ചന്ദ് എന്നയാളുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒമ്പതോടെ ഇവര്‍ എത്തിയത്. ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ടാറ്റാ സഫാരിയിലും ഹോണ്ടാ സിറ്റിയിലുമായാണ് ഇവരെത്തിയത്. രമേഷ് ചന്ദ് വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയെന്നും പറഞ്ഞാണ് സംഘം വീടിനകത്തേക്ക് കടന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണുകള്‍ ഇവര്‍ വാങ്ങിവെച്ചു. വീടിനുള്ളില്‍ പരിശോധന നടത്തിയ സംഘം ഇരുപത് ലക്ഷം രൂപ കണ്ടെത്തുകയും ഇതെടുത്ത് കാറില്‍ കൊണ്ടു പോയി വെക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രമേഷിന്റെ മകള്‍ പോലീസ് മിത്ര(പോലീസിനെ സഹായിക്കാന്‍ നിയമിച്ചിരിക്കുന്ന സാധാരണപൗരന്‍) സഞ്ജയ് റാവുവിനോട് വിവരം അറിയിച്ചു. ഉടന്‍ തന്നെ സഞ്ജയ് എത്തുകയും ഇവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പക്കലുള്ള ഒരു കാര്‍ഡ് വളരെ പെട്ടെന്ന് തന്നെ കാണിച്ച് ഇവര്‍ തിരിച്ചു വെച്ചു. അപ്പോള്‍ തന്നെ അവ വ്യാജമാണെന്ന് തോന്നിയെന്ന് സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വ്യാജന്മാരാണെന്ന് തെളിഞ്ഞതോടെ രമേഷിന്റെ വീടിനു ചുറ്റും തടിച്ചുകൂടിയ നൂറ്റമ്പതിലധികം ആളുകള്‍ സംഭവത്തില്‍ ഇടപെട്ടു. ആളുകള്‍ രമേഷിന്റെ വീട്ടിലെത്തുകയും ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചു. മിതേഷ് കുമാര്‍, നൗന്‍ഹ്യാല്‍, യോഗേഷ് കുമാര്‍, ഗോവിന്ദ് ശര്‍മ., അമിത് അഗര്‍വാള്‍, പര്‍വിന്ദര്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ മോഷ്ടാക്കളെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.