താരജാഡകളില്ലാതെ വെറും തറയിലിരുന്ന ക്രിക്കറ്റ് താരങ്ങള്‍

cricket

ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയില്‍ വെച്ച് നടന്ന ഒന്നാം ഏകദിന മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ വിശ്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 26 റണ്‍സിനാണ് ഒന്നാം ഏകദിന മത്സരത്തില്‍ കങ്കാരുപടയ്ക്ക് മേല്‍ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ 1-0 ത്തിന്റെ ലീഡും പരമ്പരയില്‍ ഇന്ത്യ കരസ്ഥമാക്കി. ബിസിസിഐ, തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൈണ്ടിലൂടെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഈ മാസം 21 ന് കൊല്‍ക്കത്തയില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. ഇതിനായി കൊല്‍ക്കത്തയിലേക്ക് തിരിക്കാനായി ചെന്നൈ എയര്‍പോട്ടില്‍ വിമാനം കാത്ത് നില്‍ക്കുന്നതിനിടെയുള്ള സമയത്താണ് താരങ്ങളുടെ വിശ്രമം. 1-0 ത്തിന്റെ ലീഡ് നേടിയതിന് ശേഷം ഇവര്‍ ഇങ്ങനെയാണ് വിശ്രമിക്കുന്നതെന്നാണ് ബിസിസിഐ ചിത്രങ്ങള്‍ക്ക് നല്‍കിയ തലക്കെട്ട്. യാതോരു താരജാഡകളുമില്ലാതെ വെറും തറയിലിരുന്നാണ് നായകന്‍ വിരാട് കൊഹ്ലിയും സംഘവും വിമാനം കാത്തിരിക്കുന്നത്. കൊഹ്ലിക്ക് തൊട്ടടുത്തായി വെറും തറയില്‍ കിടന്ന്, സ്വന്തം ബാഗില്‍ തലവെച്ച് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി തമാശ പറഞ്ഞ് പൊട്ടിചിരിക്കുന്നതും രസമുള്ള കാഴ്ചയായി. ഈ ചിത്രത്തില്‍ ഇരുവര്‍ക്കും അരികിലായി ഹര്‍ദീക പാണ്ഡ്യേയും അജിന്‍കെ രഹാന്യയേയും കാണാം.