യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെതിരെ അന്വേഷണം നടക്കുന്നതായി പൊലീസ്. കാവ്യാ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിക്കുക. ഇതോടൊപ്പം, സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന കാര്യവും കോടതിയില്‍ വ്യക്തമാക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കാവ്യയേയോ നാദിര്‍ഷയെയോ പ്രതി ചേര്‍ത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുകയാണ് ചെയ്തത്. ഇരുവരേയും ഉടനടി അറസ്റ്റ് ചെയ്യാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേസന്വേഷണം നിഷ്പക്ഷമായാണ് മുന്നോട്ട് പോകുന്നത്. ഇത്രയും പ്രാധാന്യമുള്ള കേസായതിനാല്‍ തന്നെ പ്രമുഖരെ ചോദ്യം ചെയ്യേണ്ടി വരും. അതുമാത്രമാണ് കാവ്യയുടെ കാര്യത്തിലും ഉണ്ടായത്. പൊലീസിനെതിരെ കാവ്യ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷന്‍ തള്ളി. അതേസമയം പോലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഏതു നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കാണിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാഡം എന്നൊരു സാങ്കല്‍പിക കഥാപാത്രത്തെ സൃഷ്ടിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ കാവ്യമാധവന്‍ പറയുന്നത്.
കാവ്യാ മാധവനും നാദിർഷായും സംശയത്തിന്റെ നിഴലിൽ
RELATED ARTICLES