ധാരാളം രാഷ്ട്രീയ പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരന്‍പിള്ളയുടെ വീരവാദം

sreedharan pilla

മറ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ള ധാരാളം രാഷ്ട്രീയ പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വീരവാദം. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ടാണ് ശ്രീധരന്‍പിള്ളയുടെ വീരവാദം . എന്നാല്‍ മറ്റ് പാര്‍ട്ടിയില്‍ നിന്നും ആരൊക്കെ വരുമെന്ന് മാധ്യമങ്ങളുടെ മുന്‍പില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അവന്‍ വരും, അവന്‍ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. പേരിനുള്ള സമരങ്ങളോടു ബിജെപിക്കു താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ധനക്കെതിരെ ബിജെപി സമരം ചെയ്യാത്തതിനെക്കുറിച്ചായിരുന്നു പ്രതികരണം. വില നിര്‍ണയാധികാരം എണ്ണ കമ്പനികളെ ഏല്‍പിച്ചതു യുപിഎ സര്‍ക്കാരാണെന്നും നികുതി കുറയ്‌ക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കില്‍ ഇത്രയും വലിയ ജനകീയ പ്രശ്‌നത്തില്‍ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി. എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എണ്ണക്കമ്ബനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ എന്ന ചോദ്യത്തിന്, കൊള്ളയടിക്കുന്നതു കേരള സര്‍ക്കാര്‍ മാത്രമാണെന്നായിരുന്നു മറുപടി. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം നികുതി കുറയ്ക്കാന്‍ തയാറാകണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. കേന്ദ്രം വിചാരിച്ചാല്‍ എണ്ണ വില പകുതിയാക്കാമെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ല . ഇപിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. രണ്ടും ചോര്‍ന്നുപോകും. മുഖ്യമന്ത്രി ചികില്‍സയ്ക്കു പോയതിനെത്തുടര്‍ന്നു കേരളത്തില്‍ ഭരണ പ്രതിസന്ധിയാണ്. ഇ.പി. ജയരാജനു ചുമതല കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചെങ്കിലും തീരുമാനമെടുക്കാന്‍ നേരം മുഖ്യമന്ത്രിക്കു കൈവിറച്ചു. ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അതിനു ഭരണഘടനയില്‍ വ്യവസ്ഥയില്ല. സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ബിഷപ് ഫ്രാങ്കോ മൂളയ്ക്കലിനെ അറസ്റ്റു ചെയ്യാതിരിക്കാനുള്ള വാദഗതി നിരത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുകയാണു വേണ്ടത്. സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നീതി ലഭിക്കാത്ത ബിജെപി പ്രവര്‍ത്തക, വനിതാ കമ്മിഷന്‍ ആസ്ഥാനത്തു സമരം നടത്തിയതിനെ പാര്‍ട്ടി പിന്തുണച്ചില്ലല്ലോ എന്ന ചോദ്യത്തിനു പ്രതികരണം ഇതായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ തീരുമാനത്തിനെതിരെ സമരം നടത്തിയതിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടതിയോടു ക്ഷമ പറയുകയും 1000 രൂപ പിഴയടയ്ക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പ്രവര്‍ത്തകയ്‌ക്കൊപ്പമാണു പാര്‍ട്ടി. എന്നാല്‍, സമരങ്ങള്‍ പോസിറ്റീവാകണമെന്നാണ് അഭിപ്രായം. കേരളത്തില്‍ പല സമരങ്ങളും നെഗറ്റിവ് സമരങ്ങളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.