ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ആറ് രൂപവരെ വില കൂടിയേക്കും

petrol

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ആറ് രൂപവരെ വില കൂടിയേക്കും. ചൊവ്വാഴ്‌ച രാജ്യത്ത് പെട്രോളിന്‌ ലിറ്ററിന്‌ 18 പൈസയും ഡീസലിന്‌ ലിറ്ററിന്‌ 33 പൈസയും കൂടി. ബജറ്റിലൂടെ എക്സൈസ് തീരുവ കൂട്ടിയ ജൂലൈ അഞ്ചിനുശേഷമുള്ള ഏറ്റവും വലിയ വിലവർധനയാണ്‌ ആഭ്യന്തര വിപണിയിൽ ചൊവ്വാഴ്‌ച പെട്രോളിനും ഡീസലിനും അനുഭവപ്പെട്ടത്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില പത്ത്‌ ശതമാനത്തോളം ഉയർന്നതോടെയാണ് ഇന്ധന വില കൂടുവാൻ സാധ്യതയുള്ളത്.

അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇറാനിൽ നിന്ന്‌ എണ്ണ വാങ്ങുന്നത്‌ മോദി സർക്കാർ അവസാനിപ്പിച്ചതോടെ സൗദി എണ്ണയെയാണ്‌ രാജ്യം കൂടുതലായി ആശ്രയിച്ചിരുന്നത്‌. ഇറാൻ എണ്ണയ്‌ക്കുപകരം പ്രതിദിനം രണ്ടുലക്ഷം ബാരൽ എണ്ണയാണ്‌ സൗദി അധികമായി നൽകുന്നത്‌.

കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന്‌ സൗദിയില്‍നിന്നുള്ള എണ്ണ വരവ്‌ അനിശ്‌ചിതത്വത്തിലാണ്‌.
എണ്ണവിതരണത്തിൽ കുറവുണ്ടാകില്ലെന്ന്‌ സൗദി അവകാശപ്പെട്ടെങ്കിലും കേടായ പ്ലാന്റുകൾ എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല. പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയുൽപ്പാദനമാണ്‌ സൗദി നിര്‍ത്തിയത്.

ആഗോള തലത്തിലുള്ള ആകെ എണ്ണ വിതരണത്തിൻറെ അഞ്ചുശതമാനമാണ്‌ ഇല്ലാതായത്‌. സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയായതോടെ ക്രൂഡോയിൽ വില കഴിഞ്ഞ ദിവസം 20 ശതമാനംവരെ ഉയർന്നു. സൗദിക്ക്‌ നേരെയുണ്ടായ ആക്രമണത്തിന്‌ തിരിച്ചടിയുണ്ടായാൽ എണ്ണവിപണി വീണ്ടും അസ്ഥിരമാകുമെന്നാണ് വിലയിരുത്തൽ.