കയ്യിലും കാലിലും പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ 25ഓളം പേര്‍ ബുദ്ധിമുട്ടുന്നു .കൈകളില്‍ മാത്രമല്ല കാലുകളിലും ഇതാണ് അവസ്ഥ. കൈ-കാലുകളിലെ വിരലുകള്‍ സാധാരണയിലും അധികമായി ഉണ്ടാവുന്ന പോളിഡാക്റ്റ്‌ലി എന്ന ജനിതകാവസ്ഥയെ തുടര്‍ന്നാണ് കുടുംബം ദുരിതത്തിലായിരിക്കുന്നത്.
കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരേ അവസ്ഥ കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ മികച്ച തൊഴിലവസരങ്ങള്‍ നേടാനോ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മറ്റ് കുട്ടികള്‍ കൈകളിലും കാലുകളിലും പത്തിലധികം വിരലുകളുള്ള എന്റെ കുട്ടികളെ കളിയാക്കുമായിരുന്നുവെന്ന് കുടുംബാംഗമായ ബാല്‍ദേവ് യവാലെ പറഞ്ഞു.
എന്റെ കൈയില്‍ 12 വിരലുകളും കാലില്‍ 14 വിരലുകളുമാണ് ഉള്ളത്. സ്‌കൂളില്‍ പോയിട്ടുണ്ടെങ്കിലും ഈ അവസ്ഥ ഉള്ളതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പത്താംക്ലാസ് വരെ പഠിച്ചു. സാധാരണയായി മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ചെരുപ്പുകളോ ഷൂസുകളോ എനിക്ക്ഉപയോഗിക്കാന്‍ കഴിയില്ല.
പട്ടാളത്തിലേക്ക് പരീക്ഷ എഴുതിയെങ്കിലും ഈ പ്രശ്‌നം ഉള്ളതുകൊണ്ട് തന്നെ അന്ന് ജോലി നഷ്ടമായി. യാതൊരുവിധ സഹായങ്ങളും ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഞങ്ങളുടെ ഈ അവസ്ഥ മനസിലാക്കി സര്‍ക്കാര്‍ സഹായിക്കണം.- ബാല്‍ദേവ് യവാലെയുടെ മകന്‍ സന്തോഷ് പറയുന്നു.