ബിജെപി നടത്തിയ കേരള രക്ഷായാത്രയെ കേരളജനത തള്ളികളഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ഇപ്പോൾ രക്ഷിക്കാമെന്നു വീരവാദമടിച്ചു സിംഹത്തെപോലെ വന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരിച്ചുപോയത് എലിയെ പോലെയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കൊലപാതകത്തിന്റെ പേരില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന അമിത് ഷാ കാട്ടുപുലി പൊന്‍മാന്‍ ആകാന്‍ ശ്രമിക്കുന്നതുപോലെയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില്‍ പൂണ്ടുകിടന്നിട്ട് സമാധാനത്തിന്റെ സുവിശേഷം പറയാന്‍ അമിത് ഷാ ശ്രമിക്കുന്നത് പരിഹാസ്യമാണ്.
സംസ്ഥാനത്തെ ആകെ അവഹേളിക്കുന്നതിനായാണ് ബിജെപി ജനരക്ഷായാത്ര നടത്തിയത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപമാനിച്ച് പല പ്രസ്താവനകളും നടത്തി.അവരുടെ ദേശീയ നേതാക്കള്‍, നാലു സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഒരു ഉപമുഖ്യമന്ത്രി ,കേന്ദ്രമന്ത്രിമാര്‍, എം പിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ നിരവധി പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഇറക്കുമതി ചെയ്താണ് ഇവിടെ ആകെ പ്രശ്നമാണെന്നും പറഞ്ഞ് ജാഥ നടത്തിയത്.
ജാഥയുടെ സമാപനത്തില്‍ പങ്കെടുത്ത അമിത് ഷാ പറഞ്ഞത് സ്വതന്ത്യ്രം കിട്ടി ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്നും അതിന് മറുപടി മുഖ്യമന്ത്രി പറയണമെന്നുമാണ്. യാഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടത് ആര്‍എസ് എസും സംഘപരിവാര്‍ സംഘടനകളുമാണ്. 216 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ഇതിനകം കൊലപ്പെടുത്തിയത്.ഈ ജാഥ നടക്കുന്നതിനിടയില്‍ പോലും 56 ഇടങ്ങളിലാണ് ആര്‍എസ്എസുകാര്‍ സിപിഐ എം, സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്.
ഇതിനെല്ലാം സൌകര്യവും പ്രോത്സാഹനവും നല്‍കാനാണ് ജനരക്ഷായാത്ര നടത്തിയത്. നിങ്ങള്‍ എന്തു അതിക്രമവും നടത്തികൊള്ളൂ കേന്ദ്രവും ഭരണവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് അക്രമികള്‍ക്ക് നല്‍കുന്നത്. ഇറച്ചിയുടെ പേരില്‍ സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ അഖ്ലാഖിന്റെ ഘാതകര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാണ് ബിജെപി ഭരണം പ്രോത്സാഹനം നല്‍കുന്നത്. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ 36 പേരെയാണ് കൊലപ്പെടുത്തിയത്. അതിലേറെയും മുസ്ലീമുകളും ദളിതരുമാണ്. അത്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടത്താന്‍ അവര്‍ക്കാകുന്നില്ല. അതിനാണ് ജനരക്ഷായാത്രയെന്ന പേരില്‍ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നത്.
കൊലപാതകങ്ങളുടെ പേരില്‍ അവര്‍ കേന്ദ്രത്തെയും സിബിഐയേയും ഉപയോഗിച്ച് കളി തുടങ്ങിയെന്ന് വേണം കരുതാന്‍ . ചില കൊലപാതകങ്ങളുടെ പുനരന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയില്‍ വന്ന പരാതിയില്‍ നടപടി സ്വീകരിക്കുന്നതിന് മുന്നേ ആ കേസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് സിബിഐ പറയുന്നത്. അമിത് ഷാ സിബിഐയെ ഉപയോഗിച്ച് തുടങ്ങിയെന്നുവേണം കരുതാന്‍.
സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രതിഛായയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. എന്നാല്‍ അങ്ങിനെയൊന്നും സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനാവില്ല. ജനരക്ഷായാത്ര നടക്കുന്നതിനിടയില്‍ നടന്ന വേങ്ങര തെരഞ്ഞെടുപ്പ് അതിനുള്ള മറുപടിയാണ്. 35000 ഹിന്ദുവോട്ടുള്ള അവിടെ ബിജെപിക്ക് ആകെ കിട്ടിയത് 5000 വോട്ടാണ്. അവരുടെ കുപ്രചാരണം ജനം പാടെ തള്ളിയതാണ് അതിന് കാരണം.
കേരളത്തില്‍ ലൌ ജിഹാദാണെന്നും ജിഹദികളുടെ താവളമാണെന്നും പ്രചരിപ്പിക്കുകയാണ്. ഗോവ മുഖ്യമന്ത്രി പറഞ്ഞത് ഇവിടെ തെമ്മാടികളാണ് ഭരിക്കുന്നതെന്നാണ്. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണമാണോ അത്. അതും കടന്ന് അവരുടെ ദേശിയ നേതാവ് സരോജ് പാണ്ഡേ പറഞ്ഞത് കമ്മൂണിസ്റ്റ കാരുടെ വീടുകളില്‍ ചെന്ന് അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കണമെന്നാണ്.തമിഴ്നാട്ടിലെ കേന്ദ്രമന്ത്രി പറഞ്ഞത് അവിടത്തെ 7 കോടി ജനങ്ങള്‍ കേരളത്തില്‍ വന്ന് പ്രതിരോധം തീര്‍ക്കുമെന്നാണ്. ഒന്നും ചോദിക്കട്ടെ തമിഴ്നാട്ടിലെ ഈ 7 കോടി ജനങ്ങളെ ഈ കേന്ദ്രമന്ത്രി തന്റെ കൈയില്‍ കെട്ടിയിട്ടിരിക്കയാണോ കൊണ്ടുവന്ന് പ്രതിരോധിക്കാന്‍. ഇതിനൊന്നും കുമ്മനം ഒരു മറുപടിയും പറയുന്നില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ മറ്റേ കൈയ്യും വെട്ടിയെടുക്കുമെന്ന കൊലവിളി മുദ്രാവാക്യമാണ് ജനരക്ഷായാത്രയില്‍ കേട്ടത്. അത് പ്രോസാഹിപ്പിക്കാന്‍ മുതിര്‍ന്ന നേതാവായ മുരളീധരന്‍ ഫേസ്ബുക്കിലും പ്രചരിപ്പിച്ചു. ഇങ്ങനെയൊക്കെയാണ് അവര്‍ സമാധാനം കൊണ്ടുവരാന്‍ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.