സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗെനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും കോടതി മൊഴിയെടുത്തു. പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയാണ് ഡോക്ടര്‍.
സിസ്റ്റര്‍ സെഫിയെ 2008 നവംബര്‍ 19 നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കി. ഡോ.ലളിതാംബികയുടെ നേതൃത്വത്തിലാണ് സിസ്റ്റര്‍ സെഫിയെ പരിശോധിച്ചത്.
കന്യകയാണെന്നു സ്ഥാപിക്കാന്‍ വേണ്ടി അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തതായി ഡോക്ടര്‍ മൊഴി നല്‍കി.കന്യാത്വത്തിന് വേണ്ടി സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പരിശോധന റിപ്പോർട്ട്. ഒരു കന്യാസ്ത്രീ ഇത്തരം ശസത്രക്രിയ നടത്തേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ സിബിഐക്ക് മൊഴി നൽകിയിരുന്നു.
സിസ്റ്റര്‍ സെഫിയുടെ അഭിഷാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്. പ്രതിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാല്‍ അടച്ചിട്ട കോടതിയില്‍ സാക്ഷി വിസ്താരം വേണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം.