തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സുരക്ഷാനടപടികള്‍ സ്വീകരിച്ചു

തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.

അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ 6 പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.


എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. പോലീസ് ആസ്ഥാനം ഡി.ഐ.ജി സി.നാഗരാജു, സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.അജിത് എന്നിവര്‍ നോഡല്‍ ഓഫീസര്‍മാരാണ്.