കാലം ചെയ്ത മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കബറടക്കം നാളെ 2 മണിക്ക്

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 2.38നായിരുന്നു വിയോഗം. 2007 ൽ മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായിഅവരോധിക്കപ്പെട്ട അദ്ദേഹം പതിമൂന്ന് വർഷം സേവനമനുഷ്ഠിച്ചു. ഇപ്പോൾ ദൗതികശരീരം ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഓഡിറ്റോറിയത്തിൽ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച 3 മണിക്ക് മാർത്തോമാ സഭയുടെ പരമാധ്യക്ഷനു അന്ത്യയാത്രാ മൊഴി നൽകുന്നതാണ്.

1931 ജൂൺ 27 നാണ് അദ്ദേഹം ജനിച്ചത്. പി. റ്റി. ജോസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കോഴഞ്ചേരി, മാരാമൺ, ആലുവ യുസി കോളജ്, ബെംഗളൂരു യുടി കോളജ്, വിർജീനിയ സെമിനാരി വൈക്ലിഫ് ഓക്സ്ഫോഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിർജീനിയ സെമിനാരി, സെറാംപുർ സർവകലാശാല, അലഹാബാദ് കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് നേടി. മാരാമൺ മാർത്തോമ്മാ ഇടവകയിൽ അംഗമായ ഡോ. ജോസഫ് മാർത്തോമ്മാ 1957 ജൂൺ 29 നാണ് ശെമ്മാശനായത്. 1957 ഒക്ടോബർ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോമാർ തിമോത്തിയോസിനൊപ്പം എപ്പിസ്കോപ്പയായി. 1999 മാർച്ച് 15 നു സഫ്രഗനും 2007 ഒക്ടോബർ രണ്ടിനു മെത്രാപ്പൊലീത്തയുമായി.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ പിൻഗാമിയായിരുന്നു കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നൽകിയത്. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.മാനവികതയെ സേവിക്കുകയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ പരിശ്രമിച്ചയാളുമാണ് മെത്രാപ്പോലീത്തയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്. മെത്രാപ്പോലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത വിഡിയോയും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

സിറ്റി ന്യൂസ് റാന്നി