ശബരിമല അയ്യപ്പന്റെ ജീവിതം മാതൃസ്നേഹത്തിന്റെ ഉത്തമ സന്ദേശമെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ശബരിമലയുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് രേഖപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ഇരുമുടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയായിരുന്നപ്പോൾ അയ്യപ്പൻ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അമ്മയുടെ രോഗം മാറാനുള്ള മരുന്നിനായി പുലിപ്പാലു തേടി കാട്ടിൽ പോയത്. മണ്ഡല– മകരവിളക്ക് ഉത്സവം ഇന്നത്തെ തലമുറയ്ക്ക് ഈ സന്ദേശമാണ് നൽകുന്നതെന്നു തിരുമേനി പറഞ്ഞു.
അയ്യപ്പന്റെ ജീവചരിത്രം പാഠപുസ്തകമാക്കണമെന്നും വലിയ മെത്രാപ്പൊലീത്ത ആഗ്രഹം പ്രകടിപ്പിച്ചു. ശബരിമല തീർഥാടനം പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയിൽ തന്നെ ആദ്യമായാണ് ക്യുആർ കോഡ് രേഖപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ഇരുമുടി ഇറക്കുന്നത്. തുണി കൊണ്ടുള്ള ഇരുമുടിയിൽ അച്ചടിച്ചിരിക്കുന്ന കോഡ് സ്മാർട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനുകൾ വഴി സ്കാൻ ചെയ്തെടുത്താൽ ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. ക്ഷത്രിയം എന്നു പേരിട്ടിരിക്കുന്ന ഇരുമുടി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ലഭിക്കുമെന്നു ക്ഷത്രിയ ക്ഷേമ സഭ ഭാരവാഹികൾ പറഞ്ഞു. ക്ഷത്രിയ ക്ഷേമ സഭ യൂണിറ്റ് പ്രസിഡന്റ് പി.രാഘവവർമ അധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർവർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എൻ.സുരേന്ദ്ര നാഥവർമ, ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ, പ്രഫ. പി.എൻ.സോമവർമരാജ, കെ.ആർ.രവി, എസ്.കൃഷ്ണകുമാർ, ടി.ആർ.അശോകൻ, പൃഥ്വിപാൽ എന്നിവർ പ്രസംഗിച്ചു.