Friday, April 19, 2024
HomeKeralaകെ സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെയിടുന്ന സിസിടിവി ദൃശ്യങ്ങൾ കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു

കെ സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെയിടുന്ന സിസിടിവി ദൃശ്യങ്ങൾ കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു

പൊലീസ് സ്റ്റേഷനില്‍ തന്റെ ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ നുണ പൊളിഞ്ഞുവെന്ന് കടകംപള്ളി സുരേന്ദ്രന്‍. ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന കെ സുരേന്ദ്രന്‍ തന്നെ ഇരമുടിക്കെട്ട് താഴെയിടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസ് സ്‌റ്റേഷനില്‍വച്ച്‌ രണ്ടു തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്.പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. തന്നെ പോലീസ് മര്‍ദ്ദിച്ചെന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറിയതായും മന്ത്രി ആരോപിക്കുന്നു.

പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ച്‌ കീറുകയും ചെയ്‌തി‌രുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കെ സുരേന്ദ്രന്‍ ശബരിമലയില്‍ വന്നത് ദര്‍ശനമെന്ന ലക്ഷ്യത്തോടെയല്ല എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.

സുരേന്ദ്രന്റെ ആരോപണങ്ങള്‍ വന്നപ്പോള്‍ തന്നെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിഐയെ വിളിച്ചിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിഐയുടെ മുറിയിലായിരുന്നു സുരേന്ദ്രന്റെ ഇരിപ്പിടം. അവിടെ ബെഞ്ച് തയ്യാറാക്കി കിടക്കാനുള്ള സൗകര്യം കൊടുത്തു. കുപ്പിയിലെ വെള്ളം വേണ്ട ചൂടുവെള്ളം മതിയെന്ന് പറഞ്ഞപ്പോള്‍ അതും കൊടുത്തു. ഭക്ഷണവും യഥാസമയം മരുന്നും നല്‍കി. എന്നിട്ട് രാവിലെ അനുയായികള്‍ വരുന്നതുവരെ കൊണ്ടുപോകാന്‍ പാടില്ല എന്ന് പറഞ്ഞു. അത് പൊലീസ് അംഗീകരിച്ചില്ല. ഇതിന് ശേഷമാണ് ഇരുമുടിക്കെട്ട് സ്വയം താഴെയിട്ട് നുണപ്രചരണം നടത്തിയത്. വര്‍ഗീയവിഷ പ്രചരണത്തിനുവേണ്ടി എന്ത് വൃത്തികേടും കാട്ടുകയാണ് ബിജെപിയെന്നും മന്ത്രി പറഞ്ഞു.

ആചാരങ്ങള്‍ മുറുകെ പിടിക്കുന്നു എന്ന് പറയുന്ന സുരേന്ദ്രന്‍ തന്റെ അമ്മ മരിച്ച്‌ നാല് മാസത്തിനുള്ളിലാണ് സന്നിധാനത്തെത്തിയത്. 2018 ജൂലെ അഞ്ചിനാണ് കെ സുരേന്ദ്രന്റെ അമ്മ മരിച്ചത്. പൊതുവെ കുടുംബത്തിലൊരാള്‍ മരണപ്പെട്ടാല്‍ ഒരു വര്‍ഷം വരെയെങ്കിലും പുലയുണ്ടാകുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്. എന്നാല്‍ സുരേന്ദ്രന്‍ തന്റെ അമ്മയുടെ മരണശേഷം നാല് മാസം തികയും മുന്‍പേ സന്നിധാനത്തെത്തുകയും കലാപത്തിന് നേതൃത്വം കൊടുക്കുകയും ചെയ്‌തു.

മന്ത്രി കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നത് ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച്‌ കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച്‌ കീറുകയും ചെയ്തു.

കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments