Saturday, December 14, 2024
HomeKeralaശബരിമല സമരം ശക്തമാക്കാന്‍ ബിജെപി; കേന്ദ്രം ഇടപെടുന്നു, കണ്ണന്താനം നാളെ പമ്പയിൽ

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി; കേന്ദ്രം ഇടപെടുന്നു, കണ്ണന്താനം നാളെ പമ്പയിൽ

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി കച്ചകെട്ടി ഇറങ്ങിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ശബരിമലയിലെ വിഷയത്തില്‍ ഇടപെടുന്നു. സംസ്ഥാന ബിജെപി നേതാക്കളാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് . കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തി ശബരിമല വിഷയത്തിലെ കാര്യങ്ങൾ നേരിട്ട് വിലയിരുത്തും.

അതേസമയം ശബരിമല സമരം ശക്തമാക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം . യുവതീ പ്രവേശനം മാത്രമല്ല ഇപ്പോള്‍ ബിജെപിക്ക് വിഷയം പകരം ശബരിമലയുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളും പാര്‍ട്ടി ഏറ്റെടുക്കുകയാണ്. കുടിവെള്ളമില്ലാത്തതും വഴി വിളക്കുകള്‍ സ്ഥാപിക്കാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സജീവമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് ബിജെപി സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോ എംപിമാരോ ശബരിമലയിലെത്തും. ഒരു പക്ഷേ, ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തിയേക്കുമെന്നാണ് സൂചന .

അതിനിടെ, ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലീസ് മേധാവിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ എന്നിവരാണ് പങ്കെടുത്തത്. ശബരിമലയില്‍ പോലീസ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇളവ് തേടിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments