ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഉടന്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം. ദേവസ്വം കമ്മിഷണര്‍, ഡി.ജി.പി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപട്ട് അടിയന്തര നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം ശബരിമലയില്‍ നിലനില്‍ക്കുന്ന പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം പത്മകുമാര്‍ ഡിജിപി ലോക്നാഥ് ബഹ്റയുമായി ചര്‍ച്ച നടത്തിയിരുന്നു. എം.വി ജയരാജനും ഡിജിപിയ്ക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. പകല്‍ സമയത്തും ഭക്തര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പത്മകുമാര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല.