Friday, April 19, 2024
HomeKeralaകേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്കു വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇടമണ്‍-കൊച്ചി 400 കെ.വി ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധനയുണ്ടായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.  2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത ഈ ലൈനിലൂടെ 2019 സെപ്തംബര്‍ 25നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്.  കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിനു ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചതോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിലകുറച്ചു ലഭിക്കുന്ന വൈദ്യുതി, പ്രസരണ നഷ്ടം കുറച്ച് കേരളത്തില്‍ എത്തിക്കാന്‍ കഴിയും. ഈ ലൈന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് കൂടംകുളത്തു നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പെട്ട് വഴി കേരളത്തിലേക്ക് എത്തുമ്പോള്‍ ഏകദേശം 20 മെഗാവാട്ട് (വര്‍ഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം ഉണ്ടായിരുന്നു. ഈ നഷ്ടം ഇനി ഒഴിവാകും. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ്  400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍. തിരുനെല്‍വേലി മുതല്‍ ഇടമണ്‍ വരെയുള്ള 400/220 കെ.വി മള്‍ട്ടിസര്‍ക്യൂട്ട് ലൈന്‍ 2010ല്‍ പൂര്‍ത്തിയായതാണ്.  148 കി.മീ നീളവും 447 ടവറുകളുമുള്ള 400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍ കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കി.മീ) എന്നീ ജില്ലകളില്‍ കൂടിയാണു കടന്നുപോകുന്നത്. 16 മീറ്റര്‍ ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്.   2008ല്‍ തുടങ്ങി 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരവേ സ്ഥലമുടമകളുടെ പ്രതിഷേധങ്ങള്‍ മൂലം നിര്‍മാണം തടസപ്പെട്ടു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ഈ ലൈന്‍ നിര്‍മ്മാണത്തിന്റെ അത്യാവശ്യവും നേട്ടങ്ങളും പരിഗണിച്ച് തുടക്കം മുതല്‍ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വിവിധ ശ്രമങ്ങള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവരുടെ എതിര്‍പ്പുകള്‍ കുറയ്ക്കുവാന്‍ വേണ്ടി പ്രത്യേക നഷ്ടപരിഹാര പാക്കേജിനും സര്‍ക്കാര്‍ രൂപം കൊടുത്തു. പ്രതിഷേധങ്ങള്‍ മൂലം ഇടയ്ക്ക് മുടങ്ങിപ്പോയ പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത് 2017 ലാണ്. ഇതിനുശേഷം പദ്ധതി സമയബന്ധിതമായി മുന്നോട്ടു പോകുകയും 2019 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പദ്ധതി പൂര്‍ത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 126.087 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി. നഷ്ടപരിഹാരം ഇനിയും ലഭിക്കാനുള്ളവര്‍ക്കു രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് അതു നല്‍കുന്നുണ്ട്. ലൈന്‍ കടന്നുപോകുന്ന 16 മീറ്റര്‍ വീതിയിലുള്ള സ്ഥലത്തെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സര്‍വേ നടപടികളും നഷ്ടപരിഹാര നിര്‍ണയ നടപടികളും പുരോഗമിക്കുന്നു.  നിര്‍മാണ ചെലവും നഷ്ടപരിഹാരവുമുള്‍പ്പെടെ ഇടമണ്‍-കൊച്ചി പദ്ധതിയുടെ ചെലവ് 1300 കോടി രൂപയാണ്. കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന ചരിത്രമുഹൂര്‍ത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം.  പവര്‍ഗ്രിഡ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഈ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തികരിച്ചത് കെ.ഇ.സി ഇന്റര്‍നാഷണല്‍ ലിമിറ്റഡാണ്.
പദ്ധതിയുടെ നേട്ടങ്ങള്‍
1. സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി പവര്‍ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി-തൃശൂര്‍-ഉദുമല്‍പ്പെട്ട് ലൈന്‍ യാഥാര്‍ഥ്യമായി. 2. സംസ്ഥാനത്തിനു വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ശേഷി വര്‍ധിച്ചു. 3. കേന്ദ്രവിഹിതം മുഴുവനായും കൃത്യതയോടെയും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. 4. ഇതുമൂലം പ്രസരണലൈന്‍ ലഭ്യത ഉറപ്പാകുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയും.  5. കേരള-തമിഴ്നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്കു കുറയ്ക്കുവാന്‍ കഴിയും. 6. പ്രസരണ നഷ്ടം വന്‍തോതില്‍ കുറഞ്ഞു. മെച്ചപ്പെട്ട വോള്‍ട്ടേജില്‍ പ്രസരണ- വിതരണം സാധ്യമാകുന്നു. 7. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. 8. സംസ്ഥാനത്തിന്റെ പ്രസരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിര്‍ദിഷ്ട 400 കെ.വി സബ് സ്‌റ്റേഷനുകള്‍ (കോട്ടയം, ഇടമണ്‍) നിര്‍മിക്കാന്‍ സാധിക്കും. കൂടാതെ മാടക്കത്തറ- കോഴിക്കോട് 400 കെ.വി ലൈനുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ വൈദ്യുതി ലഭ്യത കൂടുകയും ചെയ്യും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments