കെയ്റോ: ആഫ്രിക്കയില്‍ ഏറ്റവും ശക്തമായ വേരുകളുള്ള കുപ്രസിദ്ധ തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന് ആയുധങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെന്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോര്‍ത്തപ്പെട്ട ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിലാണ് ടെന്‍ ടിവി യുടെ അവതാരകനായ നാഷത് അല്‍-ദെയ്ഹി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനും, സര്‍ക്കാരും തുര്‍ക്കിയില്‍ നിന്നും ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും, ഇത് നൈജീരിയയിലേക്കാണെന്നും, ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും ദെയ്ഹിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്. നൈജീരിയായില്‍ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ളാമിക തീവ്രവാദ സംഘടനയാണ് ബൊക്കോഹറാം.
അതേസമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ അഭിപ്രായ പ്രകടനം നടത്തി രംഗത്തെത്തിയിട്ടുണ്ട്. ‘താനിതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല’ എന്നാണ് ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം സെന്ററിലെ ഫെല്ലോ ജേര്‍ണലിസ്റ്റായ റെയ്മണ്ട് ഇബ്രാഹിമിന്റെ പ്രതികരണം. 2014-2015 കാലയളവില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ടേപ്പാണിതെന്നും, പല സ്ഥലങ്ങളിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇബ്രാഹിം വെളിപ്പെടുത്തി. എര്‍ദോര്‍ഗന്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം പൂര്‍ണ്ണമായും ശരിയാണെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി കൊല്ലപ്പെട്ടത് തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും വെറും മൂന്നു മൈല്‍ ദൂരത്താണെന്ന കാര്യവും, ആ സ്ഥലം സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ജിഹാദികളുടെ അവസാന ശക്തികേന്ദ്രമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൊക്കോഹറാമിന്റെ ആയുധങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും, ബുര്‍ക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച കാര്യവും ഇബ്രാഹിം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കുവാനാണ് എര്‍ദോര്‍ഗന്‍ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതല്‍ ശക്തമാണ്. വടക്ക്-കിഴക്കന്‍ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എര്‍ദോര്‍ഗന്റെ വിമര്‍ശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുര്‍ക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുര്‍ക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും തുര്‍ക്കിയുടെ ഇസ്ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.