74 വെളിച്ചെണ്ണ ബ്രാന്‍ഡുകൾക്ക് നിരോധനം; മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി

oil

74 വെളിച്ചെണ്ണ ബ്രാന്‍ഡുകളിൽ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി സംസ്ഥാനത്ത് നിരോധനം. ഈ വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നിട്ടുണ്ട് എന്ന് പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിപണികളില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമസ്-പുതുവത്സരം എന്നീ ആഘോഷങ്ങള്‍ അടുത്ത് വരുന്ന വേളയില്‍ മുന്‍കരുതലെന്നോണം ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ആണ് വെളിച്ചെണ്ണകള്‍ നിരോധിച്ച്‌ കൊണ്ടുളള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിരോധിച്ച ബ്രാന്‍ഡുകളില്‍ ഉള്‍പ്പെട്ട വെളിച്ചെണ്ണ സംഭരിക്കുന്നതും വിതരണം നടത്തുന്നതും വില്‍ക്കുന്നതും ഇനി കുറ്റകരമാണ്.നേരത്തെയും നിരവധി വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് നിരോധിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്. ജൂണില്‍ മറ്റ് 51ഓളം വെളിച്ചെണ്ണ ബ്രാന്‍ഡുകളും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഇത് കൂടാതെയാണ് 74 ബ്രാന്‍ഡുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മായം കലര്‍ന്ന ഭക്ഷ്യ എണ്ണകള്‍ ഉത്സവകാലങ്ങളില്‍ കൂടുതല്‍ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷ്യ വകുപ്പ് കൂടുതല്‍ പരിശോധനകള്‍ വിപണിയില്‍ നടത്താനുളള നീക്കത്തിലാണ്. അതിനായി ഭക്ഷ്യവകുപ്പ് 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ക്രിസ്തുമസ്-പുതുവര്‍ഷ വിപണിയില്‍ മായമില്ലാത്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.