കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി. നാലാമത്തെ കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ വെറുതെ വിടുകയും ചെയ്തു.മിശ്ര ഉൾപ്പെടെ അഞ്ചു പ്രതികളെയാണു വെറുതെവിട്ടത്. ഏഴു പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കാലിത്തീറ്റ കുഭകോണക്കേസിൽ വിധി പറയുന്നതു പല തവണ മാറ്റിവച്ചിരുന്നു. ബിഹാറിലെ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി തട്ടിയെടുത്ത കേസിൽ ലാലുവിനു പുറമേ ജഗന്നാഥ് മിശ്ര അടക്കം 31 പേർക്കെതിരെ അഞ്ചിനു വിചാരണ പൂർത്തിയായിരുന്നു.1995–96ൽ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ കൈക്കലാക്കിയെന്നാരോപിച്ചു 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേർ മരിക്കുകയും രണ്ടുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ആറു കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചരവർഷവും രണ്ടാം കേസിൽ മൂന്നരവർഷവും മൂന്നാം കേസിൽ അഞ്ചുവർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണു ശിക്ഷിച്ചത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് കുറ്റക്കാരനാണെന്നു കോടതി
RELATED ARTICLES