പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി;സത്യപ്രതിജ്ഞ പുലർച്ചെ 1.50 ന് നടന്നു

citinews-pramodh

ബി.ജെ.പി എം.എല്‍.എ യും ഗോവ സ്പീക്കറുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ ഇന്ന് പുലർച്ചെ 1.50 ന് നടന്നു . രാത്രി 11നു സത്യപ്രതിജ്ഞ എന്നാണു പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കിയതായി രാത്രി വൈകി അറിയിപ്പു വന്നു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയാണ് പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിച്ചത്.ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മറ്റ് ബി.ജെ.പി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സർക്കാർ രൂപീകരിക്കാന്‍ നീക്കം നടത്തിയ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്.