ന്യൂസിലാന്റിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവയ്‌പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂസിലാന്റിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവയ്‌പ്പ്. ഉത്രെക്തിലുണ്ടായ വെടിവെയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഇലക്‌ട്രിക് ട്രെയിനിലാണ് വെടിവെയ്‌പ്പുണ്ടായത്. അക്രമിയായ ഗോക്മാന്‍ താനിസ് എന്ന 37കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണ് അക്രമിയെ വെടിവെയ്‌പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം 10.45 ഓടെയാണ് മധ്യ നെതര്‍ലന്‍ഡ് നഗരമായ ഉത്രൈക്തില്‍ വെടിവെയ്‌പ്പുണ്ടായത്. ഇലക്‌ട്രിക് ട്രെയിനിലേക്ക് ഓടിക്കയറിയ യുവാവ് യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെട്ട അക്രമിയെ മണിക്കൂറുകള്‍ക്ക് ശേഷം ഉത്രെക്തില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ നിന്ന് പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. സ്‌കൂളുകളും സര്‍വ്വകലാശാലകളും അടച്ചിടുകയും ചെയ്തു. സംഭവത്തിന് പിന്നിലെ ഐഎസ് ബന്ധം സംശയിച്ചായിരുന്നു നടപടി. വിവിധ പ്രവിശ്യകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഉത്രെക്തില്‍ വെടിവയ്പുണ്ടായത്. ഇതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. നെതര്‍ലന്‍ഡിലെ നാലാമത്തെ വലിയ നഗരമായ ഉത്രെക്ത് പൊതുവേ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നഗരമാണ്. കുറ്റകൃത്യനിരക്ക് ഏറ്റവും താഴ്ന്ന നഗരങ്ങളില്‍ ഒന്നു കൂടിയാണ് 3,40,000 മാത്രം ജനസംഖ്യയുള്ള ഉത്രെക്ത്.
News forwarded to citinews ranni