നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി

മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുപേരെ പ്രതികളാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 357 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്. ഏപ്രില്‍ 18 ചൊവ്വാഴ്ച വൈകീട്ടോടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടു പോയി കാറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആരോപണം നിഷേധിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, കാറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഫോണിനായുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് കകോടതിയെ അറിയിച്ചിരിക്കുന്നത്.