Thursday, April 25, 2024
HomeInternationalക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിച്ചു

ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിച്ചു

കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിച്ചു.രാവിലെ ഏഴുമണി മുതല്‍ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കുരിശിന്‍റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിച്ചു. ദു:ഖവെള്ളിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. തിരുവനന്തപുരത്ത് ലത്തീൻ, മലങ്കര, ചെങ്ങനശേരി അതിരൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി നടന്നു. ആർച്ച് ബിഷപ്പ് സൂസെപാക്യം, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിൽ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും രാജ്യാഭിവൃദ്ധിക്കായി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്നും മാർ ബസേലിയോസ് ക്ലിമ്മീസ് ബാവ പറഞ്ഞു.ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും തിരുകർമ്മങ്ങളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പീഡാനുഭവ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നിന്ന് സെന്റ് ജോസഫ് പള്ളിയിലേക്ക് നടന്ന കുരിശിന്റെ വഴിക്ക് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നേതൃത്യം നല്‍കി. രാത്രി 10.45 ന് കബറടക്ക ശുശ്രൂഷയോടെ ദുഃഖ വെള്ളിയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് സമാപ്തിയാകും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.വാഗമണ്‍ കുരിശുമല, കനകമല, വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ ഇന്ന് പരിഹാര പ്രദക്ഷിണം നടത്തി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും നടന്നു. ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments