മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ചെല്‍സി എഫ് എ കപ്പ് കിരീടം സ്വന്തമാക്കി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ ചെല്‍സി എഫ് എ കപ്പ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് ഹസാഡ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. കൂടുതല്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. ചാമ്ബ്യന്‍സ് ലീഗ് സ്ഥാനത്തിന് പുറത്ത് സീസണ്‍ അവസാനിപ്പിച്ച ചെല്‍സിക്ക് ഈ വിജയം ചെറിയ ആശ്വാസം നല്‍കും. അതെ സമയം മൗറിഞ്ഞോ കരിയറില്‍ കിരീടം ഇല്ലാതെ അവസാനിപിച്ച ചുരുക്കം ചില സീസണുകളില്‍ ഒന്നായി ഇത്.ഇരു ടീമുകളും കരുതലോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ഹസാര്‍ഡിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി ചെല്‍സി മുന്‍പിലെത്തി. ഹസാര്‍ഡിനെ ഫില്‍ ജോണ്‍സ് ഫൗള്‍ ചെയ്തതിനാണ് ചെല്‍സിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിളിച്ചത്. ചെല്‍സി താരങ്ങള്‍ ചുവപ്പ് കാര്‍ഡിനായി വാദിച്ചെങ്കിലും റഫറി മഞ്ഞ കാര്‍ഡ് മാത്രമാണ് കാണിച്ചത്. പെനാല്‍റ്റി എടുത്ത ഹസാഡ് യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലാക്കി.ഗോള്‍ നേടിയതോടെ ചെല്‍സി പ്രതിരോധത്തിലേക്ക് നീങ്ങിയപ്പോള്‍ ആക്രമണം കനപ്പിച്ച്‌ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ നോക്കിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോഗ്ബയും റാഷ്ഫോര്‍ഡും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ സമനില നേടാന്‍ റാഷ്ഫോര്‍ഡിന് അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്‌ഷ്യം കാണാനായില്ല.തുടര്‍ന്ന് രണ്ടാം പകുതിയില്‍ സാഞ്ചസിലൂടെ യുണൈറ്റഡ് ചെല്‍സി വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് അവര്‍ക്ക് വിനയായി. റഫറി ഓഫ് സൈഡ് തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വിടുകയും അസിസ്റ്റന്റ് റഫറി തീരുമാനം ശെരിവെക്കുകയുമായിരുന്നു. തുടര്‍ന്ന് ആഷ്‌ലി യങിന്റെ കയ്യില്‍ പന്ത് തട്ടിയതിന് ചെല്‍സി താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.തുടര്‍ന്ന് ഗോള്‍ നേടാന്‍ യുണൈറ്റഡ് ലുകാകുവിനെയും മാര്‍ഷ്യലിനെയും ഇറക്കിയെങ്കിലും ചെല്‍സി പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതോടെ കിരീടം കൊണ്ടേയും ചെല്‍സിയും സ്വന്തമാക്കുകയായിരുന്നു.