പോർച്ചുഗലിൽ കാട്ടുതീ നിയന്ത്രാണാതീതമായി. 62 പേർ വെന്തു മരിച്ചു. കോയിബ്രയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പെട്രോഗ്രോ ഗ്രാൻഡേ മുനിസിപ്പാലിറ്റിയിൽ ഇന്നലെ ഉച്ചയോടെയാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. അതിവേഗം പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ 600 ഒാളം അഗ്നിശമനസേനാംഗങ്ങളാണ് രംഗത്തുള്ളത്.
രാജ്യം കണ്ടിട്ടുള്ളതിൽവച്ച് വലിയ ദുരന്തങ്ങളിൽ ഒന്നാണിതെന്നു പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പ്രതികരിച്ചു.
കാട്ടുതീ ഉണ്ടായപ്പോൾ രക്ഷപ്പെടാനാവാതെ വാഹനങ്ങളിൽ കുടുങ്ങിയവരാണ് മരിച്ചവരിലേറെയും. ഏറെ വീടുകളും കത്തിനശിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടമേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങൾ അയയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഫ്രാൻസും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒന്നുരണ്ട് ആഴ്ചകളായി കൊടും ചൂടിൽ വലയുകയാണു പോർച്ചുഗൽ . പല മേഖലയിലും 40 ഡിഗ്രിക്കു മുകളിൽ ചൂടാണു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ 60 ഒാളം വനങ്ങളിലാണൂ കാട്ടുതീ പടർന്നു പിടിച്ചത്. നിരവധി പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.