ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ പത്ത് ലക്ഷം രൂപ വിലയുള്ള ബൈക്കുമായി യുവാവ് മുങ്ങി

bike

ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് പത്ത് ലക്ഷം രൂപ വിലയുള്ള ബൈക്കുമായി മുങ്ങിയത്. ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവം. ബൈക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ അജയ് സിംഗ് എന്ന യുവാവ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് രാഹുല്‍ എന്നയാള്‍ അജയിയെ വിളിക്കുകയായിരുന്നു. ഇരുവരും വാട്സാപ്പിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമില്‍ എത്തുകയും എഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചതിന് ശേഷം 7,000 രൂപ അഡ്വാന്‍സ് നല്‍കി ഓടിച്ചു നോക്കുകയായിരുന്നു. ഓടിച്ചു പോയ ബൈക്ക് മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ കട്ട് ചെയ്യുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വദേശം ആഗ്രയിലാണെന്നും മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നതിന്റെ ബിസിനസ് ആണെന്നുമാണ് രാഹുല്‍ സ്വയം പരിചയപ്പെടുത്തിയത്. അയാളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും അജയ് പറഞ്ഞു.