സൗമ്യയെ പെട്രോള്‍ ഒഴിച്ച്‌ തീക്കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

ajas

മാവേലിക്കരയില്‍ വള്ളിക്കുന്നത്ത് സ്റ്റേഷനിലെ വനിതാ പൊലിസുകാരി സൗമ്യ പുഷ്‌ക്കരനെ പെട്രോള്‍ ഒഴിച്ച്‌ തീക്കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരണത്തിനു കീഴടങ്ങി. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അജാസ്. സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മൊഴിയിലുണ്ട്. സൗമ്യയെ തീകൊളുത്തിയശേഷം കെട്ടിപ്പിടിക്കുന്നതിനിടെയാണ് അജാസിന് പൊള്ളലേറ്റത്.

സൗമ്യയും പ്രതി അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പൊലിസ് പറയുന്നു. ഇതു നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായത്. കെ.എ.പി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്.

അജാസുമായി സൗമ്യക്ക് പണമിടപാട് ഉണ്ടായിരുന്നു. ഈ പണം തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്.

ഇവരുടെ ഫോണ്‍കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൗമ്യയെ അജാസ് നിരന്തരം ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലിസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകന്‍ പറഞ്ഞത്.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു.