Friday, December 13, 2024
Homeപ്രാദേശികംഓട്ടോറിക്ഷയുമായി കസ്റ്റഡിയിലായ പ്രതി ഓട്ടോ ഓടിച്ച് അപകടത്തില്‍ മരിച്ചു

ഓട്ടോറിക്ഷയുമായി കസ്റ്റഡിയിലായ പ്രതി ഓട്ടോ ഓടിച്ച് അപകടത്തില്‍ മരിച്ചു

മദ്യവില്‍പന നടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷയുമായി കസ്റ്റഡിയിലായ പ്രതി ഓട്ടോ ഓടിച്ച് എക്‌സൈസുകാരുമായി പോവുന്നതിനിടെ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിലിടിച്ചു. അപകടത്തില്‍ ഓട്ടോഡ്രൈവറും ബാര്‍ബര്‍ ഷോപ്പുടമയുമായ പ്രതി തല്‍ക്ഷണം മരിച്ചു.ഓട്ടോയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് സിവില്‍ ഓഫിസര്‍മാരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് എരുമേലി മുണ്ടക്കയം ദേശീയപാതയില്‍ പുലിക്കുന്ന് ടോപ്പിന് താഴെ ഇറക്കത്തിനു സമീപം വളവിലായിരുന്നു അപകടം. പുഞ്ചവയല്‍ നാഷനല്‍ ബാര്‍ബര്‍ ഷോപ്പുടമയും ഓട്ടോ ഡ്രൈവറുമായ പുലിക്കുന്ന് സ്വദേശി ചിറക്കല്‍ വീട്ടില്‍ മോഹനന്‍ (51)ആണ് മരിച്ചത്. എരുമേലി എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ ഓഫിസര്‍മാരായ ടി എസ് രതീഷ് (36), ഈപ്പന്‍ ടി മാത്യു (38) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലിയില്‍ നിന്നും മുണ്ടക്കയേത്തകു പോവുകയായിരുന്ന ബര്‍സാത്’സ്വകാര്യ ബസ്‌യാത്രക്കാരെ സ്‌റ്റോപ്പില്‍ ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് എതിരേ ഓട്ടോറിക്ഷ പാഞ്ഞെത്തി ഇടിച്ചത്. ബസ്സിലേക്ക് പ്രതി മോഹനന്‍ ഓട്ടോ ഇടിച്ചുകയറ്റുകയായിരുന്നെന്ന് ഓട്ടോയ്ക്കുള്ളില്‍ ഗുരുതരമായ പരിക്കുകളേറ്റ എക്‌സൈസുകാര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ മോഹനന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആറുമാസം മുമ്പ് മദ്യവില്‍പനയുടെ പേരില്‍ ഓട്ടോറിക്ഷയുമായി മോഹനനെ എക്‌സൈസ് പിടികൂടി കേസെടുത്തിരുന്നതാണ്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ മോഹനന്‍ വീണ്ടും വിദേശമദ്യം അനധികൃതമായി ഓട്ടോയിലെത്തിച്ച് വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ പുഞ്ചവയലില്‍വച്ച് പിടികൂടിയതെന്ന് റെയ്ഡിന് നേതൃത്വംനല്‍കിയ എരുമേലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനു പറഞ്ഞു. മോഹനന്റെ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നറിഞ്ഞ് എക്‌സൈസ് സിവില്‍ ഓഫിസര്‍മാര്‍ക്കൊപ്പം മോഹനനൊപ്പം വീട്ടിലേക്കു പറഞ്ഞുവിട്ടപ്പോഴായിരുന്നു അപകടം. മോഹനന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും. ബിന്ദുവാണു ഭാര്യ. അജിത്, സുജിത് എന്നിവര്‍ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments