ഭക്ഷണവും വെള്ളവുമില്ലാതെ ജനത ദുരിതമനുഭവിക്കുമ്പോൾ വർഗീയവിഷം തുപ്പുന്ന പോസ്റ്റുകൾ

poison post

ഭക്ഷണവും വെള്ളവുമില്ലാതെ പ്രാണന്‍ കൈയ്യില്‍ പിടിച്ച്‌ നെട്ടോട്ടമോടുന്ന ജനതയ്ക്കെതിരെ സമൂഹമാധ്യങ്ങള്‍ ചിലര്‍ വീണ്ടും വിദ്വേഷപ്രചാരണം നടത്തുകയാണ്. പ്രളയത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തെ സഹായിക്കേണ്ടതില്ലെന്ന് സംഘപരിവാര്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രളയക്കെടുതി രൂക്ഷമായി നിരവധി പേര്‍ മരിച്ചിട്ടും ഇക്കൂട്ടര്‍ വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. ദൈവത്തിന്‍റെ ശിക്ഷ പശുവിന്‍റെ ഇറച്ചികഴിക്കുന്നതിനാണ് നിങ്ങള്‍ ഈ അനുഭവിക്കുന്നതെന്നായിരുന്നു ഒരാള്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. ഗോമാതാവിനെ ഇറച്ചി ആക്കി കഴിക്കുന്ന നിങ്ങള്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ ആവുക, ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷയാണ് ഇത് എന്നാണ് ഇയാള്‍ പറയുന്നത്. കേരളം ഇതുവരെ ബീഫ് നിരോധിച്ചിട്ടില്ല അതിന് പ്രകൃതി പലിശ സഹിതം തന്നതാണെന്നും ഉത്തരേന്ത്യക്കാരനായ ഇയാള്‍ കുറിച്ചു.എന്ത് സഹായമാണ് ചെയ്യേണ്ടത്, കേരളത്തിലെ മിക്കവരും ജോലി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. കേരളത്തിലെ കമ്മികളെ ഇസ്ലാമിക സംഘടനകളും ക്രിസ്ത്യന്‍ പള്ളികളും സംരക്ഷിച്ചുകൊള്ളും, ഇവര്‍ക്ക് ഭക്ഷണം നല്‍കി സഹായിക്കാന്‍ ചെന്നാല്‍ അവര്‍ നമ്മളോട് ബീഫ് ചോദിക്കും എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നടപടിക്ക് അയ്യപ്പന്‍റെ ശിക്ഷയാണ് പ്രളയം എന്നാണ് ആര്‍എസ്‌എസ് നേതാവ് ഗുരുമൂര്‍ത്തി കുറിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പമ്ബയില്‍ വലിയ രീതിയില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ഗുരുമൂര്‍ത്തി കുറിച്ചത്.ഇപ്പോഴത്തെ പ്രളയവും കേസും തമ്മില്‍ ബന്ധിപ്പിക്കാന്‍ 10 ലക്ഷത്തിലൊരു സാധ്യതയെങ്കിലും ഉണ്ടെങ്കില്‍, ശബരിമല കേസില്‍ അയ്യപ്പനെതിരായ തീരുമാനമുണ്ടാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുരുമൂര്‍ത്തി കുറിച്ചു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഗുരുമൂര്‍ത്തി വിശദീകരണ പോസ്റ്റിട്ടിരുന്നു.ഗുരുമൂര്‍ത്തിയെ പിന്തുണച്ചും ചിലര്‍ എത്തി. ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ബീഫ് ഫെസ്റ്റുകള്‍ നടത്തിയ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള കേരളത്തോട് അയ്യപ്പനു ദേഷ്യമാണെന്നും അയ്യപ്പന്‍റെ കോപമാണ് പ്രളയത്തിന് കാരണമെന്നും ഒരാള്‍ കുറിച്ചു. നമ്മുടെ ഗോമാതാക്കളെ കൊല്ലുന്ന കേരളത്തെ സഹായിക്കേണ്ടതുണ്ടോയെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.വര്‍ഗീയ തുപ്പുന്ന പോസ്റ്റുകള്‍ കുത്തി നിറച്ച്‌ ഒരു തരത്തിലുള്ള സഹായവും ചെയ്യരുതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.