വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ റാന്നി

ranni flood

റാന്നി ടൗണിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ വ്യാപാരികൾ. എത്ര ശ്രമിച്ചാലും ചെളി പൂർണമായി നീക്കാൻ നാളേറെ വേണ്ടിവരും. വെള്ളം ഇറങ്ങിയ പെരുമ്പുഴ ടൗണിൽ നിറയെ ചെളിയാണ്. മണ്ണുമാന്തി ഉപയോഗിച്ച് പല ഭാഗങ്ങളും വൃത്തിയാക്കുകയാണ്. അമൽജ്യോതി കോളേജ് വിദ്യാർഥികളും ആർ.എസ്.എസ്. പ്രവർത്തകരും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഇട്ടിയപ്പാറയിലെ ചെളി കുറെനീക്കി. വീടുകളുടെ സ്ഥിതി ഇതിലും ദുരിതമാണ്. വീടുകൾക്കുള്ളിൽ തറ കാണാനാവാത്തവിധം ചെളി കിടക്കുകയാണ്. ചവിട്ടിയാൽ തെന്നിവീഴുന്ന അവസ്ഥയിലാണ്. ആയിരത്തിലധികം വീടുകളിലാണ് ഈ ദുരിതം. ആഴ്ചകൾ കഠിനാധ്വാനം നടത്തിയാൽ മാത്രമേ പഴയ നിലയിലാക്കാനാവൂ. ഇട്ടിയപ്പാറ, മാമുക്ക് എന്നിവിടങ്ങളിൽനിന്ന്‌ ഇനിയും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. മാമുക്കിൽ നടന്നുപോകാനാവാത്ത വിധത്തിൽ വെള്ളമുണ്ട്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. താഴ്‌ന്ന പ്രദേശങ്ങളിൽനിന്നൊന്നും വെള്ളം ഇറങ്ങിയിട്ടില്ല. റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. വെള്ളമിറങ്ങിയാലും യാത്രചെയ്യാനാവാത്ത വിധം ചെളിയാണ്. രണ്ടടിവരെ ചെളിനിറഞ്ഞ ഭാഗങ്ങളുണ്ട്. ഇവയെല്ലാം മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്യാതെ റോഡുകളിലൂടെ സഞ്ചരിക്കുവാൻ കഴിയില്ല. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത, റാന്നി-ചെറുകോൽപ്പുഴ, റാന്നി-കോഴഞ്ചേരി, റാന്നി-വലിയകാവ് റോഡുകളിലെല്ലാം ഈ സ്ഥിതിയാണ്.