ഉരുള്‍ പൊട്ടലിൽ ഉലയാത്ത മനസ്സുമായി സൗമ്യ… കവളപ്പാറയിലെ ദുരന്തത്തിൽ 28കാരിസൗമ്യക്ക് നഷ്ടമായത് ഭര്‍ത്താവ് വിജേഷിനെയും 8 വയസ്സു മാത്രമുള്ള മകള്‍ വിഷ്ണു പ്രിയയെയും മാത്രമല്ല ഒരു കുടുംബത്തെ മുഴുവനായാണ്.വിജേഷിന്റെ അമ്മ കല്യാണിയും 3 സഹോദരിമാരും ഒരു സഹോദരനും ഇന്നു സൗമ്യയ്ക്ക് വെറു ഓര്‍മ്മകള്‍മാത്രം. ഒടുവിൽ ശേഷിച്ചത് അരിവാള്‍ രോഗമുള്ള മകന്‍ വിനയചന്ദ്രനും കല്യാണിയും മാത്രം. ദുരന്തത്തിന് 4 ദിവസം മുന്‍പാണ് ൧൨ വയസ്സുകാരൻ വിനയചന്ദ്രനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 മാസമുള്ളപ്പോള്‍ തുടങ്ങിയ അസുഖമാണ് അവനെ അമ്മയ്ക്കു കൂട്ടായി ലഭിക്കുവാൻ കാരണം.
ഉരുള്‍പൊട്ടുന്ന അന്ന് 11 മണിവരെ വിജേഷ് ആശുപത്രിയിലുണ്ടായിരുന്നു. ‘മകളെ തനിച്ചാക്കണ്ടല്ലോയെന്നു പറഞ്ഞാണ് വീട്ടിലേക്കു പറഞ്ഞയച്ചത്’.കല്യാണിയുടെ കുടുംബത്തില്‍ ഇനി ബാക്കിയുള്ളത് സൗമ്യയും വിനയചന്ദ്രനും വിജേഷിന്റെ ഇളയ സഹോദരന്‍ സുനീഷുമാണ്. അച്ഛനെയും കുഞ്ഞനുജത്തിയെയും ഇനി കാണാനാവില്ലെന്നു വിനയനറിയില്ല. അവനിപ്പോഴും ആശുപത്രിയിലാണ്. ഇടയ്ക്ക് ഒരു തവണ ക്യാംപില്‍ പോയപ്പോള്‍ കൂട്ടുകാര്‍ ചിലതു പറഞ്ഞു. സൗമ്യയാണ് ഒന്നുമില്ലെന്നു പറഞ്ഞ് മകനെ ആശ്വസിപ്പിച്ചത്. എങ്കിലും ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്ന് ഇടയ്ക്ക് വിനയന്‍ കരയും ‘എനിക്ക് അച്ഛനെ കാണണം..’
വിനയചന്ദ്രനോട് ഉടനെ വിവരം പറയരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ‘ദിവസം ഇത്രയും ആയില്ലേ, അവനോടു പറയണം. ഞങ്ങള്‍ക്ക് ഇനിയും ജീവിക്കണ്ടേ. ഉരുള്‍പൊട്ടിയയിടത്തേക്ക് ഇനി പോകാനാകില്ല. എനിക്കൊരു ജോലി വേണം. സുനീഷിനു ഭാരമാകാന്‍ വയ്യ. അവനും വേണ്ടേ കുടുംബം’. സൗമ്യയ്ക്കു കരഞ്ഞിരിക്കാന്‍ കഴിയില്ല, ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ഇനി ആര് കൂടെ നിൽക്കുമെന്നത് വലിയ ചോദ്യചിഹ്നമായി തന്നെ നിൽക്കുന്നു.