ഗാനഗന്ധര്വന് ഡോ.കെ ജെ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനാനുമതി. നവരാത്രിക്ക് യേശുദാസ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാടും. സ്വാതിതിരുനാളിന്റെ പത്മനാഭശതക, ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കും. വിജയദശമി നാളായ സെപ്റ്റംബര്‍ 30 ന് ക്ഷേത്ര ദര്‍ശനത്തിന് അനുമതി തേടി അദ്ദേഹം അധികൃതര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. താന്‍ ഹിന്ദു മത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും കത്തിനൊപ്പം നല്‍കിയിരുന്നു. ക്ഷേത്ര ഭരണസമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തിന് ദര്‍ശനാനുമതി നല്‍കുകയായിരുന്നു. ഹൈന്ദവധര്‍മ്മവും ആചാരാനുഷ്ഠാനങ്ങളും പിന്‍തുടരുന്ന വിശ്വാസിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ആര്‍ക്കും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും. 2014 മുതലാണ് ഈ രീതി ക്ഷേത്ര ഭരണസമിതി പിന്‍തുടരുന്നത്. ഗാനഗന്ധര്‍വന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി എംപിയും രംഗത്തെത്തിയിരുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഗാനഗന്ധര്‍വ്വന്റെ ഏറെക്കാലമായുള്ള സ്വപ്‌നമാണ് സഫലമാകുന്നത്.
യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനാനുമതി
RELATED ARTICLES