ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര തൊട്ടത്. ഒ.പി ജയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം സ്വര്‍ണ്ണം നേടുന്ന താരമാണ് പി.യു ചിത്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. ഇതില്‍ സ്വര്‍ണം നേടാനായത് ചിത്രയെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരമായിരിക്കുകയാണ്.
തുര്‍ക്‌മെനിസ്താനിലെ അഷ്ഗബതില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് പി.യു ചിത്ര സുവര്‍ണ്ണ നേട്ടം കൊയ്തത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല. കലിങ്ക സ്‌റ്റേഡിയത്തില്‍ നടന്ന റേസില്‍ 4 മിനുറ്റ് 17 സെക്കന്റിനാണ് പി.യു ചിത്ര ഫിനിഷ് ചെയ്തത്. കേരളത്തിനും പിന്തുണച്ചവര്‍ക്കും മെഡല്‍ നേട്ടം സമ്മാനിക്കുന്നുവെന്ന് പി.യു ചിത്ര പ്രതികരിച്ചു.