ഗതാഗത നിയമലംഘനത്തിനു വന്‍പിഴ;ന്യൂഡല്‍ഹിയില്‍ ഇന്ന് വാഹനങ്ങള്‍ പണിമുടക്കുന്നു

ഗതാഗത നിയമലംഘനത്തിനു പിഴ വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്ന് വാഹനങ്ങള്‍ പണിമുടക്കുന്നു. വാണിജ്യവാഹനങ്ങളാണ് പണിമുടക്കി സമരം ചെയ്യുന്നത്. ടാക്‌സി, ഓട്ടോ, മാക്‌സി കാബ്, ഒല, ഉബര്‍ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍, വാനുകള്‍, ട്രക്കുകള്‍, ഓറഞ്ച് ക്ലസ്റ്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍, ടെംപോ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ലെന്നു യൂണിയനുകള്‍ അറിയിച്ചു.

വാണിജ്യവാഹനങ്ങളുമായി ബന്ധപ്പെട്ട 34 യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയചായ്വുള്ള സംഘടനകളല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി ടാക്‌സി യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.
ഗതാഗത നിയമലംഘനത്തിനു വന്‍തോതില്‍ പിഴത്തുക വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ മുഖ്യ ആവശ്യം. വാഹനമിടിച്ചു മൂന്നാംകക്ഷി മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം വരെയുള്ള നഷ്ടപരിഹാരം മാത്രമേ ഇന്‍ഷുറന്‍സ് കമ്ബനി നല്‍കുകയുള്ളൂ. ബാക്കി തുക എത്രയായാലും അത് വാഹനയുടമ നല്‍കേണ്ട അവസ്ഥയാണ്. ട്രക്കുടമകള്‍ നല്‍കേണ്ടിവരുന്ന ടി.ഡി.എസ്. (പ്രാരംഭത്തിലുള്ള നികുതി) വര്‍ധിപ്പിച്ചതാണ് മറ്റൊരു വിഷയം. മുന്‍പ് പ്രതിമാസം ഒരു ട്രക്ക് നല്‍കേണ്ടിയിരുന്നത് 90,000 രൂപയായിരുന്നെങ്കില്‍ അത് 3.60 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ട്രക്ക് ഓടിയാലും ഇല്ലെങ്കിലും ഭീമമായ തുക ടി.ഡി.എസ്. നല്‍കേണ്ടിവരുന്നതു വന്‍ നഷ്ടമുണ്ടാക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാട്ടി.