2017ല്‍ ഗോരഖ്പൂരില്‍ ശിശുക്കളുടെ കൂട്ട മരണത്തില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്

2017ല്‍ ഗോരഖ്പൂരില്‍ ശിശുക്കളുടെ കൂട്ട മരണത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യഥാര്‍ത്ഥ വസ്തുതകളില്ലാതെ വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി മരണങ്ങള്‍ക്ക് കാരണം എന്‍സെഫലൈറ്റിസാണെന്നും ഓക്‌സിജന്‍ ക്ഷാമമല്ലെന്നും പറഞ്ഞു. 2016 നെ അപേക്ഷിച്ച്‌ ആ വര്‍ഷം മരണസംഖ്യ കുറവായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുകഴിഞ്ഞ 20-40 വര്‍ഷമായി ഗോരഖ്പൂരിലും കിഴക്കന്‍ യുപിയിലും ആളുകള്‍ എന്‍സെഫലൈറ്റിസ് മൂലം മരിക്കുകയാണ്. എന്നാല്‍ 2016ലേതുമായി താരതമ്യം ചെയ്യുമ്ബോള്‍ 2017 ല്‍ മരണനിരക്ക് കുറവാണ്. എന്‍സെഫലൈറ്റിസ് തടയുന്നതിനും ചികിത്സിക്കുന്നതിനുമായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മാത്രമല്ല, ഈ വിഷയം ലോകത്തിന് മുന്നില്‍ കൊണ്ടുവന്ന ആദ്യ വ്യക്തി താനായിരുന്നുവെന്നും യോഗി പറഞ്ഞു. ഒരു എംപിയെന്ന നിലയിലും ഒരു യോഗിയെന്ന നിലയിലും പോരാട്ടം ആരംഭിച്ചു. തെരുവുകളില്‍ നിന്നും പാര്‍ലമെന്റിലേക്ക് വരെ ക്യാംപെയിന്‍ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറി മാസങ്ങള്‍ക്കുശേഷം 2017 ഓഗസ്റ്റില്‍ ബിആര്‍ഡി ആശുപത്രിയില്‍ നിരവധി കുട്ടികളുടെ മരണപ്പെട്ടതിനെ തുടര്‍ന്ന് ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ലോക്‌സഭയില്‍ 20 വര്‍ഷമായി ആദിത്യനാഥ് പ്രതിനിധീകരിച്ച ഗോരഖ്പൂര്‍ മണ്ഡലം വളരെക്കാലമായി സംസ്ഥാനത്ത് എന്‍സെഫലൈറ്റിസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രഭവകേന്ദ്രമാണ്. അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്), ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെഇ) എന്നീ 5,400 കേസുകള്‍ 2017 ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇത് 748 മരണങ്ങള്‍ക്ക് കാരണമായി.

നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ സൂചികയില്‍ ഉത്തര്‍പ്രദേശ് അവസാനമാണ്. എന്നാല്‍ 2017-18ന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി യുപിക്ക് മികച്ച്‌ റാങ്കിംഗുണ്ടെന്നും ഇറ്റാവ, ഫിറോസാബാദ് എന്നീ ജില്ലകളിലെ മാതൃമരണ നിരക്ക് കുറഞ്ഞെന്നും യോഗി അവകാശപ്പെട്ടു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ എന്‍സെഫലൈറ്റിസ് ഏതാണ്ട് പൂജ്യ നിലയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് നിന്ന് രോഗം ഇല്ലാതാക്കുമെന്ന് ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.