ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെതിരായ വിദ്വേഷപ്രചരണം കടുപ്പിച്ച് ബിജെപി. ജയ്പൂര്‍ രാജാവില്‍നിന്ന് ഷാജഹാന്‍ തട്ടിയെടുത്ത ഭൂമിയിലാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി രംഗത്തുവന്നു. ഇതിന്റെ രേഖകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും അത് ഉടന്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
നിലവില്‍ താജ്മഹല്‍ നില്‍ക്കുന്ന ഭൂമി വില്‍ക്കാന്‍ ജയ്പൂര്‍ രാജാവിനെ ഷാജഹാന്‍ നിര്‍ബ്ബന്ധിതനാക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതിന് പകരമായി 40 ഗ്രാമങ്ങള്‍ ജയ്പൂര്‍ രാജാവിന് ഷാജഹാന്‍ നല്‍കി. ഈ ഭൂമിയുടെ മൂല്യവുമായി ഒരുവിധ താരതമ്യവും ഇല്ലാത്ത ഗ്രാമങ്ങളാണ് പകരം നല്‍കിയത്. ഈ ഭൂമിയില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നും രേഖകളുണ്ട്. എന്നാല്‍ ഈ അമ്പലം പൊളിച്ചിട്ടാണോ താജ്മഹല്‍ പണിതതെന്ന് വ്യക്തമല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
താജ്മഹല്‍ തകര്‍ക്കാന്‍ ബിജെപിക്ക് ഉദ്ദേശമില്ലെന്നും എന്നാല്‍, മുസ്ളിം ഭരണത്തിനുകീഴില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ മൂന്നെണ്ണം തിരികെവേണമെന്നും സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. ആയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം, വാരണാസിയിലെ കാശിവിശ്വനാഥക്ഷേത്രം എന്നിവയാണത്. ഈ മൂന്നുക്ഷേത്രങ്ങള്‍ പുനഃസൃഷ്ടിച്ചാല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് പിന്നീട് തങ്ങള്‍ ആകുലപ്പെടില്ലെന്നും സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു.
താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എ സംഗീത്സോമിന്റെ വിദ്വേഷ പ്രസംഗത്തോടെയാണ് ഈ ചരിത്രസ്മാരകം വീണ്ടും വിവാദത്തില്‍പ്പെട്ടത്.
ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുംചെലവിട്ടാണ് താജ്മഹല്‍ യാഥാര്‍ഥ്യമാക്കിയെന്ന വിശദീകരിച്ച് മുഖ്യമന്ത്രി യോഗിആദിത്യനാഥും പിന്തുണയുമായി എത്തി. ആരാണ്് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന വസ്തുതയ്ക്ക് പ്രാധാന്യമില്ലെന്നും ആദിത്യനാഥ്പറഞ്ഞു. ഇതിനുപിന്നാലെ മുഗള്‍ഭരണാധികാരികള്‍ ശിവക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന വാദവുമായി ബാബ്റിമസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ ബിജെപി എംപി വിനയ്കത്യാറും രംഗത്തെത്തിയിരുന്നു.