Monday, November 4, 2024
HomeKeralaസ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാർ

സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാർ

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനി പോലീസ് സ്‌റ്റേഷനുകള്‍ ഭരിക്കും. സംസ്ഥാനത്തെ 196 പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ എട്ട് പോലീസ് സ്‌റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്. സംസ്ഥാനത്തെ 471 പോലീസ് സ്‌റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്‌റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍മാരാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. ആകെയുളള 471 സ്‌റ്റേഷനുകളില്‍ 357 എണ്ണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍തന്നെ 302 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുളളവരാണ്. അതിനാല്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാന്‍ കഴിയും. ഒരു എസ്.ഐ. മാത്രമുളള 13 പോലീസ് സ്‌റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുളള സ്‌റ്റേഷനുകളില്‍നിന്നും 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments