Wednesday, April 24, 2024
HomeNationalഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ അഞ്ചിനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണ്ണായകയോഗം ചേര്‍ന്ന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കും. പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി ഡിസംബര്‍ ഒന്നിനാണ്. മറ്റ് മത്സരാത്ഥികള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ എട്ടിന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാഹുലിനെതിരെ മത്സരരംഗത്ത് ആരുമുണ്ടാകില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഏറ്റവും കൂടുതല്‍ കാലമിരുന്ന സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി പ്രവര്‍ത്തനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നില്ല. മാത്രമല്ല വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി പുതുരക്തത്തിന്‍ കീഴില്‍ നേരിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകൂവെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തേ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ വിഷയമുള്‍പ്പെടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത് എന്നാണ് കരുതുന്നത്. അതേസമയം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷന്‍ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍മോഹന്‍ സിങ് രാഹുലിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി എ.കെ.ആന്റണി പാര്‍ട്ടി ഉപാധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments