വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഹാദിയയുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ഹാദിയയെ ഈ മാസം 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍.ഐ.എ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തത്.
നേരത്തെ, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേരളത്തിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്നും രേഖ ശര്‍മ പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്ത് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നായിരുന്നു ജോസഫൈന്റെ മറുപടി. ഈ മാസം 27 ന് സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പ് രേഖാശര്‍മ്മക്കെന്നും ജോസഫൈന്‍ പ്രതികരിച്ചിരുന്നു. ഹാദിയയെ സന്ദര്‍ശിക്കാന്‍ പിതാവ് അശോകന്‍ അനുവദിക്കുന്നില്ലെന്ന് അടുത്തിടെ ജോസഫൈന്‍ പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയാണ് അനുവദിക്കാത്തതെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.