സാന്റിയാഗോ: സാന്റിയാഗോ പാരഡൈസ് ഹില്‍ കമ്മ്യൂണിറ്റിയിലെ ഒരു വീട്ടില്‍ ഒരു പുരുഷനും സ്ത്രീയും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
നവംബര്‍ 16 ശനിയാഴ്ചയായിരുന്നു സംഭവം. സംഭവമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോള്‍ സ്ത്രീയും പുരുഷനും ഒരു കുട്ടിയും വീട്ടില്‍ മരിച്ച നിലയിലായിരുന്നു. മറ്റു മൂന്നു കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടു പേര്‍ പിന്നീട് മരിച്ചു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളാണ് കൊല്ലപ്പെട്ടത്.
അഞ്ച് പേരേയും വെടിവച്ചു പിതാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം. മാതാപിതാക്കളായ സബ്രീന റെസേറിയെ (29) ഓസെ വല്‍സിവ്യ(31) മൂന്ന് ആണ്‍കുട്ടികളായ എന്‍സി(3) സുറില്‍(5) സെത്ത് (11) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒന്‍പതു വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
കൊല്ലപ്പെട്ട ഭാര്യ സബ്രീന ഭര്‍ത്താവ് ഓസെക്കെതിരെ കോടതിയില്‍ നിന്നും റിസ്‌ട്രെയ്ന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നു. രണ്ടാഴ്ച മുന്‍പു കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു പൊലീസ് ഈ വീട്ടില്‍ എത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ടതാകാം ഈ സംഭവമെന്നു കരുതുന്നു.