ശബരിമല സന്നിധാനത്ത് കോരിച്ചൊരിയുന്ന മഴ; പതിനെട്ടാംപടിയില്‍ കൈത്താങ്ങായി പോലീസ്

ശബരിമല സന്നിധാനത്ത് കോരിച്ചൊരിയുന്ന മഴ;
പതിനെട്ടാംപടിയില്‍ കൈത്താങ്ങായി പോലീസ്
ശബരിമല സന്നിധാനത്തും പരിസരങ്ങളിലും കോരിച്ചൊരിയുന്ന കനത്ത മഴ. ഇന്ന്(19) ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ 1.43 വരെ ശക്തമായി പെയ്തു. ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ നനഞ്ഞ് പതിനെട്ടാം പടി കയറി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍, അയ്യപ്പന്മാരെ ചുവടു പിഴയ്ക്കാതെ പതിനെട്ടാംപടി സുരക്ഷിതമായി കയറാന്‍ സഹായിച്ച പോലീസുകാരും നനഞ്ഞു കുതിര്‍ന്നു. അല്‍പസമയത്തിനകം മഴക്കോട്ടു ധരിച്ച പോലീസുകാര്‍ ഇവര്‍ക്കു പകരക്കാരായെത്തി സേവനം തുടര്‍ന്നു. പോലീസിലെ ഏറ്റവും മികവുള്ളവരെയാണ് പതിനെട്ടാംപടിയില്‍ അയ്യപ്പന്മാര്‍ക്ക് കൈത്താങ്ങേകാന്‍ നിയോഗിച്ചിട്ടുള്ളത്.

അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം ഹൈടെക് അടുക്കളയില്‍ നിന്ന്

 അടുക്കള സംവിധാനങ്ങള്‍ കണ്ടാല്‍ ഏറ്റവും മുന്തിയ ഹോട്ടലിലേതാണെന്നു തോന്നിപ്പോകും. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് തയാറാക്കിയിട്ടുള്ള  അന്നദാന ശാലയുടെ അടുക്കളയില്‍ ഏറ്റവും പുതിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാല്‍പ്പതിലേറെ ജീവനക്കാര്‍ ഇവിടെ രാവും പകലും പണിയെടുക്കുന്നുണ്ട്. വലിയ അനവധി പാത്രങ്ങളില്‍ ആവിയിലാണ് ചോറ് വേവിക്കുന്നത്.
അന്നദാനശാലയുടെ തറനിരപ്പില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയില്‍ നിന്ന് പാത്രങ്ങളിലാക്കി ട്രോളിയിലൂടെ ലിഫ്റ്റ് മാര്‍ഗം ചോറും കറികളും ഒന്നാംനിലയില്‍ ഭക്ഷണശാലയില്‍ എത്തിക്കുന്നു. വിറക് പൂര്‍ണമായും അടുക്കളയില്‍ നിന്ന് ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുകയാണ്. ഉപ്പുമാവ് വലിയ വാര്‍പ്പുകളില്‍ ഗ്യാസ് ഉപയോഗിച്ചാണ് തയാറാക്കുന്നത്. 24 മണിക്കൂറും ഭക്തര്‍ക്ക് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത. മുമ്പ് ഭക്തര്‍ തന്നെ പാത്രങ്ങള്‍ കഴുകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാത്രവും കഴുകേണ്ട. പാത്രം എടുക്കുന്നതിനും കഴുകുന്നതിനും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പാത്രത്തില്‍  നിന്നുള്ള അവശിഷ്ടങ്ങള്‍ മറ്റൊരു ടാങ്കില്‍ സംഭരിക്കും. അത് ഓരോഘട്ടത്തിലും വെള്ളം ഒഴുക്കി പുറത്തേക്ക് പൈപ്പിലൂടെ നീക്കം ചെയ്യുന്നു. തണുത്ത വെള്ളത്തില്‍ കഴുകുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ വീണ്ടും കഴുകും. ഇതിനായി പ്രത്യേക യന്ത്രവുമുണ്ട്. പകര്‍ച്ചവ്യാധി ഒരുതരത്തിലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. മാത്രമല്ല ഭക്ഷണശാലയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കാനും കഴിയും. വന്യജീവികളുടെ ശല്യവും ഒഴിവാകും. ഭക്ഷണശാല ഓരോ ഘട്ടത്തിലും വാക്വം ക്ളീനര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നുണ്ട്.
 ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഭക്ഷണശാലയിലുണ്ട്. ഒരു ദിവസം 40000 ഓളം പേര്‍ക്ക് ഇവിടെ ഭക്ഷണം നല്‍കാന്‍ കഴിയും. മൂന്നുനേരവും ഇവിടെ ഭക്ഷണമുണ്ട്. രാവിലെ പ്രാതലിന് ഇഡലി അല്ലെങ്കില്‍ ഉപ്പുമാവും കടലകറിയും ഉച്ചയ്ക്ക് മൂന്നിനം കറികള്‍ കൂട്ടിയുള്ള ഊണ്, രാത്രിയില്‍ കഞ്ഞിയും പയറും. വൈകി വരുന്ന ഏതൊരാള്‍ക്കും ഭക്ഷണം ലഭിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ
അനൗണ്‍സ്മെന്റ് സംവിധാനം 24 മണിക്കൂറും
അയ്യപ്പഭക്തര്‍ക്ക് സഹായഹസ്തമായും വിവരങ്ങള്‍ യഥാസമയം കൈമാറിയും ശബരിമല അയ്യപ്പസന്നിധിയിലെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാതൃകാപരമായ പ്രവര്‍ത്തനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക് റിലേഷന്‍ വിഭാഗത്തിന് കീഴിലാണ് ശബരിമല  സന്നിധാനത്ത് വലിയ നടപ്പന്തലില്‍ പബ്ളിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  അനൗണ്‍സ്മെന്റ് സംവിധാനം ഇവിടെയുണ്ട്.
അയ്യപ്പഭക്തന്‍മാര്‍ക്കുളള വിവിധ അറിയിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ നല്‍കുക, തിരുനട തുറക്കുമ്പോഴും, അടയ്ക്കുമ്പോഴും അയ്യപ്പഭക്തി ഗാനങ്ങള്‍ കേള്‍പ്പിക്കുക, കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച് അറിയിപ്പ് നല്‍കുക, നഷ്ടപ്പെട്ടു/കളവുപോകുന്ന വിലപിടിപ്പുളള സാധനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുക തുടങ്ങിയവയാണ് പബ്ലിസിറ്റി അനൗണ്‍സ്മെന്റ് വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനം. തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ളീഷ് അനൗണ്‍സ്മെന്റ് നടത്തുന്നത് ബാംഗളൂര്‍ സ്വദേശി ആര്‍.എം.ശ്രീനിവാസാണ്. മലയാളം അനൗണ്‍സ്മെന്റ് ചെയ്യുന്നത് കോഴഞ്ചേരി ഗോപാലകൃഷ്ണന്‍, മഹേഷ് എന്നിവരാണ്. ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസറും മാധ്യമ പ്രവര്‍ത്തകനുമായ സുനില്‍ അരുമാനൂരും അനൗണ്‍സറുടെ കുപ്പായമണിയുമ്പോള്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അറിയിപ്പുകള്‍ അയ്യപ്പഭക്തരെ തേടിയെത്തും.
കൂട്ടം തെറ്റി വരുന്ന അയ്യപ്പഭക്തര്‍ക്കും അതിഥികള്‍ക്കും ഇരിക്കാനുള്ള മുറി, അനൗണ്‍സ്‌മെന്റ് മുറി, പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ കാബിന്‍, അസിസ്റ്റന്റ് ഓഫീസര്‍മാരുടെ ഇരിപ്പിടങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യവും ഇവിടെയുണ്ട്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ 25 ല്‍ അധികം ജീവനക്കാര്‍ വിവിധ ഷിഫ്റ്റുകളിലായി ഭക്തരെ സഹായിക്കാനും വിവരങ്ങള്‍ കൈമാറാനും 24 മണിക്കൂറും സജ്ജമാണ്. ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയുടെയും പി.ആര്‍.ഒ ആയ സുനില്‍ അരുമാനൂരിന്റെ നേതൃത്വത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ദേവസ്വം  ഫോട്ടോഗ്രാഫര്‍ വിജയകുമാര്‍, അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ എന്നിവരെ  കൂടാതെ  ആറ് ക്ഷേത്രജീവനക്കാരും 24 മണിക്കൂറും  ഈ  ഓഫീസില്‍ കര്‍മനിരതരാണ്.  ഇവ കൂടാതെ സന്നിധാനത്തുളള സ്റ്റേജില്‍ കലാപരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പന്‍മാരുടെ ഫോണിലൂടെയുളള സംശയങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയവയും ഈ ഓഫീസ് ചെയ്തുവരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ഒഴുകിയെത്തുന്നതും ഈ ഓഫീസില്‍ നിന്നു തന്നെ. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഈ ഓഫീസിന്റെ നിയന്ത്രണത്തിലാണ്.

കന്നി അയ്യപ്പന്മാരുടെ വ്രതാനുഷ്ഠാനങ്ങള്‍
മലകയറാന്‍ ആദ്യമായി വ്രതം എടുത്തു തുടങ്ങുന്ന ആളെയാണ് കന്നിഅയ്യപ്പന്‍ എന്നു വിളിക്കുന്നത്. കന്നി അയ്യപ്പന്മാര്‍ ആദ്യമായി ഒരു ഗുരുസ്വാമിയെ കണ്ടെത്തണം. പതിനെട്ടുകൊല്ലമെങ്കിലും മലചവിട്ടിയ ഒരാളെയാണ് ഗുരുസ്വാമി എന്നു വിളിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രനടയില്‍ വച്ചുവേണം മാലയിടേണ്ടത്. അതിരാവിലെ കുളിച്ച് ശുദ്ധമായ കറുത്ത വസ്ത്രം ധരിച്ച്, സ്വാമിയുടെ രൂപം മുദ്രിതമായ പതക്കമുള്ള രുദ്രാക്ഷമാലയാണ് അണിയേണ്ടത്. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതനിഷ്ഠ തെറ്റാതെ പാലിക്കണം. വ്രതകാലത്ത്  ആഴിപൂജ, പടുക്ക എന്നീ ചടങ്ങുകള്‍ നടത്തണം.
കെട്ടുനിറ അഥവാ കെട്ടുമുറുക്ക് എന്ന കര്‍മം നടത്തേണ്ടത് ശബരിമലക്ക് പോകും മുമ്പാണ്. ഗുരുസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് ഇരുമുടിക്കെട്ട് നിറയ്‌ക്കേണ്ടത്. പിന്നീട് പിന്തിരിഞ്ഞ് നോക്കാതെ ശരണം വിളികളോടെ വേണം പുറപ്പെടേണ്ടത്.
എരുമേലിയില്‍വച്ച് പേട്ടതുള്ളല്‍ നടത്തണം. പേട്ടതുള്ളല്‍ കഴിഞ്ഞാല്‍ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ജലാശയത്തില്‍ പ്രാര്‍ഥനകളോടെ സ്‌നാനം ചെയ്യണം. എരുമേലി ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാണിക്കയിട്ട് തൊഴുത് നാളീകേരമുടച്ച് കെട്ടുതാങ്ങി സ്വാമിയുടെ കോട്ടപ്പടി എന്ന സ്ഥാനം കടക്കണം. കന്നി അയ്യപ്പന്മാര്‍ക്ക് അഴുതാ നദിയിലെ സ്‌നാനം പ്രധാനപ്പെട്ടതാണ്. അവര്‍ അഴുതയില്‍ മുങ്ങി കല്ലെടുത്ത് വസ്ത്രത്തിന്റെ തുമ്പില്‍ കെട്ടിയിടണം. ശേഖരിച്ച ഈ കല്ല് കല്ലിടുംകുന്നിലാണ് നിക്ഷേപിക്കേണ്ടത്.
പമ്പാനദിക്കരയില്‍ വച്ചാണ് ഗുരുസ്വാമിക്കുള്ള ദക്ഷിണ നല്‍കേണ്ടത്. തുടര്‍ന്നുള്ള യാത്രാമധ്യേ അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും കാണാം. അവിടെ അരിയുണ്ടയും ശര്‍ക്കരയുണ്ടയും എറിയണം. പിന്നീട്, ശരംകുത്തിയിലെത്തി കന്നി അയ്യപ്പന്മാര്‍ ശരക്കോല്‍ നിക്ഷേപിക്കുന്നു. കന്നി അയ്യപ്പന്മാര്‍ എത്തിയെന്നതിന്റെ തെളിവാണിത്. മകരവിളക്ക് കഴിഞ്ഞുള്ള മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളിപ്പ് കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണ്. ഈ അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചതിനു ശേഷമാണ് പതിനെട്ടാംപടി കയറി കന്നി സ്വാമിമാര്‍ ശബരീശദര്‍ശനം നടത്തേണ്ടത്.