Tuesday, April 23, 2024
HomeKeralaകോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ജനജാഗ്രത യാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമയും കൊടുവള്ളി നഗരസഭയിലെ ഇടതുകൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.
കോടിയേരിയുടെ യാത്രയോടെ വിവാദത്തിലായ ആഢംബര കാര്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം. ഗതാഗത കമ്മീഷണറുടെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തത്. ഫയലുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് നിയമലംഘനം ബോധ്യപ്പെട്ടു. കാരാട്ട് ഫൈസലിനെ ഉടന്‍ തിരുവനന്തപുരം യൂണിറ്റിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാജ മേല്‍വിലാസത്തിലാണ് ഫൈസലിന്റെ മിനികൂപ്പര്‍ ആഢംബര കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നും ഇതുവഴി വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിരുന്നു. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്ററുടെ പരാതിയെ തുടര്‍ന്നാണിത്. പരാതിയുടെ അടിസ്ഥാനത്തില്‍ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസത്തിലാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരു താമസക്കാരന്‍ ഇല്ലെന്ന് കാണിച്ച് പുതുച്ചേരിയില്‍ നിന്ന് മറുപടി ലഭിച്ചു. ഇതോടെ കാര്‍ റജിസ്റ്റര്‍ ചെയ്തത് വ്യാജ മേല്‍വിലാസമുണ്ടാക്കിയാണെന്ന് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തി. ‘നമ്പര്‍ 4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യേല്‍പേട്ട’ എന്ന വ്യാജ വിലാസത്തിലാണ് വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. തുടര്‍ന്ന് 7,74,800 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ആര്‍.ടി.ഒ ഫൈസലിന് നോട്ടീസ് നല്‍കി.എന്നാല്‍ കാര്‍ ഓടുന്നത് പുതുച്ചേരിയിലാണെന്നും കേരളത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കാര്‍ ഓടിയിട്ടുള്ളൂവെന്നും അതിനാല്‍ പിഴ അടക്കാനാവില്ലെന്നുമായിരുന്നു കാരാട്ട് ഫൈസലിന്റെ മറുപടി. എന്നാല്‍, മിനി കൂപ്പര്‍ 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. വാഹന രേഖകളും കാരാട്ട് ഫൈസല്‍ ഹാജരാക്കിയിരുന്നില്ല. കാരാട്ട് ഫൈസലിന്റെ മറുപടി ആര്‍.ടി.ഒ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കുകയും, അദ്ദേഹം ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനായി കൈമാറുകയുമായിരുന്നു. പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി സുരേഷ് ഗോപിയും സിനിമാതാരങ്ങളായ ഫഹദ് ഫാസിലും അമല പോളും അന്വേഷണം നേരിടുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments